top of page
Search

പൊന്നിറത്താൾ കഥ Thekkan Pattu


പൊന്നിറത്താൾ കഥ - തെക്കൻ പാട്ടിലെ കഥകൾ

ചരിത്രത്തിന്റേയും പ്രാചീന വിശ്വാത്തിന്റേയും കൂടിച്ചേരലാണ് എല്ലാ തെക്കൻ കഥകളിലും നമുക്ക് കാണാൻ കഴിയുക. തെക്കൻ തിരുവിതാംകൂറിലും അരൾവായ്മൊഴിക്കപ്പുറത്ത് തെക്കൻ തമിഴ്നാട്ടിലും നടന്ന കഥകളാണ് വിൽ പാട്ടിൽ കൂടി പ്രചരിക്കുന്ന തെക്കൻ കഥകളൊക്കെത്തന്നേയും. അത്തരത്തിലൊരു പ്രശസ്തമായ വിൽ പാട്ടാണ് പൊന്നിറത്താളിന്റെ കഥ.

'പിന്നുമൊരു കരുമറുവൻ പെറ്റ പിള്ളയെ കൊന്റവൻ താൻ നാനറുപ്പേൻ വെലി കൊടുപ്പേൻ നല്ല കാട്ടാൾമ്മനുക്ക് കൈയരുവാൾ കൈയിലെടുത്തു കാരികൈയാളരുകെ വന്താൻ പൊന്നിറുത്തൈ മുഖം മൂടി പുകഴ് തിരൈക്കുൾ താൻപുകുന്തു തൻ മുകത്തൈ കാട്ടാമൽ താൻ മാറി മിക നോക്കി അരുമ്പാവി കള്ളനവൻ ആയിഴൈയാൾ വയിറു നോക്കി'

പൊന്നിറത്താൾ പാട്ടിൽ പൊന്നിറത്താളിനെ ബലി നൽകുന്ന ബലി നൽകുന്ന ഭാഗത്തിലെ ചില വരികളാണിത്.

തിരുനെൽവേലി ജില്ലയിലെ കടയത്തൂരാണ് പൊന്നിറത്താൾ കഥയുടെ പശ്ചാത്തലഭൂമി. കടയത്തൂരിലെ പൊന്മാരിയെ അഞ്ചണ പെരുമാൾ വിവാഹം ചെയ്തു. അവർക്ക് ഏഴ് ആണ്മക്കളും ജനിച്ചു. ഒരു പെൺകുട്ടിയെ ആഗ്രഹിച്ച് വ്രതമനുഷ്ഠിച്ച ദമ്പതിമാർക്ക് എട്ടാത്തെ കുട്ടിയായി പൊന്നിറത്താൾ പിറന്നു. പൊന്നിറത്താൾ സുന്ദരിയായ യുവതിയായി വളർന്നു. ഒരിക്കൽ തോഴിമാരുമായി കളിച്ചുകൊണ്ടിരുന്ന പൊന്നിറത്താളെ കാണാനിടയായ രണശൂര പെരുമാൾ അവളിൽ അനുരക്തനായി. തോഴിമാരോട് പൊന്നിറത്താളിനെ കുറിച്ച് അന്വേഷിച്ചറിഞ്ഞ രണശൂരൻ തന്റെ മാതാവിനോട് ഇക്കാര്യം അറിയിച്ചു.മുറപോലെ വിവാഹാലോചന നടന്നു. നീണ്ട നാൾ ദാമ്പത്യം വാഴില്ലെന്ന ജ്യോത്സ്യ പ്രവചനം വകവയ്ക്കാതെ എല്ലാം ദൈവവിധിപോലെ നടക്കുമെന്ന് പറഞ്ഞ രണശൂരൻ പൊന്നിറത്താളിനെ വിവാഹം ചെയ്തു.

നീണ്ടനാൾ കാത്തിരിപ്പിനൊടുവിൽ പൊന്നിറത്താൾ ഗർഭവതിയായി.ഒൻപതാം മാസത്തിലെ മുളപ്പാലിക വയ്ക്കൽ ( വിതച്ചു മുളപ്പിക്കൽ) ചടങ്ങിൽ അവളെറിഞ്ഞ വിത്തുകൾ മുളച്ചെങ്കിലും വാടിക്കരിഞ്ഞു. പിന്നത്തെ ചുനയിൽ മുങ്ങിക്കുളിക്കൽ ചടങ്ങിനായി തോഴിമാർ പൊന്നിറത്താളിനെ ക്ഷണിക്കാനെത്തി. എന്നാൽ വീട്ടുവേല തീരത്തതിനാൽ താൻ വരകനല്ലൂർ കോവിലിൽ വരാമെന്നറിയിച്ച് തോഴിമാരെ പറഞ്ഞയച്ചു. താൻ തലേന്ന് കണ്ട ദുഃസ്വപ്നത്തെ കുറിച്ച് പറഞ്ഞ പൊന്മാരി മകളെ തടഞ്ഞു.എന്നാൽ അതു വക വയ്ക്കാതെ പൊന്നിറത്താൾ ചുനയിൽ നീരാടാനായി വരകനല്ലൂർ കോവിലിലേയ്ക്ക് പോയി. അവർ കുളിച്ചു നിൽക്കെ ശക്തമായ കാറ്റും മഴയുമെത്തി. തോഴിമാർ അവളെ തനിച്ചാക്കി പൊയ്ക്കളഞ്ഞു. സന്ധ്യാനേരത്തെ ശക്തമായ മഴയിലും ഇരുട്ടിലും വഴിയറിയാതെ അലഞ്ഞ പൊന്നിറത്താൾ ഒരു ആൽമരച്ചുവട്ടിൽ കയറി നിന്നു.

കാട്ടാളമ്മൻ കോവിലിലെ പൂജാരി പൂജയ്ക്കു പോകവേ ആൽമരച്ചുവട്ടിൽ വച്ച് പൊന്നിറത്താളിനെ കണ്ടു. തന്നെ സഹായിക്കണെമെന്നപേക്ഷിച്ച അവളോട് താൻ പൂജ കഴിഞ്ഞു വന്ന് വീട്ടിലെത്താൻ സഹായിക്കാമെന്ന് പൂജാരി അറിയിച്ചു.പക്ഷേ ക്ഷേത്രത്തിലെത്തിയ പൂജാരി അവിടെയുള്ള ഏഴുകിടാരം നിധി സ്വന്തമാക്കാൻ കുറേ കള്ളന്മാർ പൂജ ചെയ്യുന്നത് കണ്ടു. കരിങ്കിടാ, ചെങ്കിടാ, കരിങ്കോഴി എന്നിവയ്ക്കൊപ്പം ഒരു ഗർഭിണിയേയും ബലി കൊടുത്താലേ നിധി അനുഭവത്തിൽ വരൂവെന്ന് മഷി നോട്ടത്തിൽ തെളിഞ്ഞു. നിധിയിൽ പാതി തന്നാൽ ബലി നൽകാൻ ഗർഭിണിയെ എത്തിയ്ക്കാമെന്ന് പൂജാരി കള്ളന്മാരെ അറിയിച്ചു. അതിൻ പ്രകാരം കിടാവിനേയും കരിങ്കോഴിയേയും ബലി നൽകിയ ശേഷം കള്ളന്മാർക്ക് പൂജാരി പൊന്നിറത്താളിനെ കാണിച്ചു കൊടുത്തു. വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് കള്ളന്മാർ പൊന്നിറത്താളിനെ കാട്ടാളമ്മൻ ക്ഷേത്രത്തിലെത്തിച്ചു.ബലി കൊടുക്കാനൊരുങ്ങിയ കൊള്ളക്കാരോട് തന്റെ ആഭരണങ്ങൾ മുഴുവൻ നൽകാമെന്ന് പൊന്നിറത്താൾ കരഞ്ഞു പറഞ്ഞെങ്കിലും അവരുടെ കത്തി പൊന്നിറത്താളിന്റെ കഴുത്തരിഞ്ഞു. അവളുടെ വയർ പിളർന്ന് കുഞ്ഞിനെ പുറത്തെടുത്ത് കൊള്ളക്കാർ ബലിപൂജ ചെയ്തു. ഏഴുകിടാരം നിധിയെടുത്ത് വീതിക്കാനൊരുങ്ങിയ കൊള്ളക്കാർക്ക് അത് അസാധ്യമെന്ന് മനസ്സിലായി. ഒടുവിൽ നാഴി കൊണ്ട് അളന്നെടുക്കാനായി മുളയന്വേഷിച്ചിറങ്ങി. വഴിമദ്ധ്യേ കൊള്ളക്കാരേയും പൂജാരിയേയും ക്രൂര മൃഗങ്ങൾ കടിച്ചു കൊന്നു.

പൊന്നിറത്താളിനെ അന്വേഷിച്ചിറങ്ങിയ ബന്ധുക്കളും നാട്ടുകാരും കാട്ടാളമ്മൻ ക്ഷേത്രത്തിൽ കഴുകന്മാർ വട്ടമിട്ട് പടക്കുന്നത് കണ്ടു. അവിടെയെത്തിയ അവർ ആ കാഴ്ച കണ്ട് കൂട്ടത്തോടെ നിലവിളിച്ചു. വയറു പിളർന്ന് തല വേർപെട്ട് കിടക്കുന്ന് പൊന്നിറത്താളിനു മുൻപിൽ തൊണ്ണൂറ്റിയൊന്ന് ആണും പെണ്ണും സ്വയം കുരുതി കൊടുത്തു. അവരുടെയെല്ലാം ആത്മാക്കൾ ശിവപാദം പൂകി.

പൊന്നിറത്താൾ ഒരു യക്ഷിയമ്മയായി പുനരവതരിച്ചു. കൊലയ്ക്കു പകരം അരും കൊല അരുതെന്നും പുണ്യവതിയായ ദേവിയായി ആരധിക്കപെടുമെന്നും മഹാദേവൻ പൊന്നിറത്താളിനെ അനുഗ്രഹിച്ചു. മറ്റുള്ള ആത്മാക്കൾ ബാധകളായി മധുരയിൽ അനിഷ്ടങ്ങൾ വരുത്തവേ പാണ്ഡ്യരാജൻ പ്രശ്നം വയ്പ്പിച്ചു. അതിൻപ്രകാരം മന്ത്രവേലൻ എന്ന മാന്ത്രികനെ വരുത്തി മാന്ത്രിക ക്രിയകൾ ചെയ്തു. ക്രിയകൾക്കൊടുവിൽ യക്ഷി മന്ത്രവേലന്റെ ത‌ന്നെ മാറു പിളർന്ന് ചോര കുടിച്ചു. ഒടുവിൽ മലമുകളിൽ കോവിൽ പണിത് കൊടുതി നൽകാമെന്ന് ഉറപ്പിൽ ആ അത്മാക്കൾ മടങ്ങി. അതിൻപ്രകാരം മലമുകളിൽ പൊന്നിറത്താളിനും മറ്റുള്ളവർക്കും ക്ഷേത്രങ്ങൾ പണിതു. പൊന്നിറത്താൾ ദേവി പ്രസാധിച്ചതോടെ നാട്ടിൽ ഐശ്വര്യം വിളയാടി.

പൊന്നിറത്താൾ പുരുഷാദേവിയോടും കൂട്ടത്ത് ഇശക്കിയോടും കൂട്ടുചേർന്ന് ദേവിയായി എന്നതാണ് വിശ്വാസം. തെക്കൻ തമിഴ്നാട്ടിൽ നിന്നും വേണാട്ടിലേയ്ക്ക് കുടിയേറിപ്പാർത്ത ഗ്രാമീണരിൽ നിന്നാവാം ഈ പ്രദേശങ്ങളിൽ ഈ കഥ എത്തിയത്.

കടപ്പാട് : തെക്കൻ പാട്ടുകളെ കുറിച്ച് ഡോ. തിക്കുറിശ്ശി ഗംഗാധരൻ, ശ്രീ പി.ചിന്മയൻ നായർ എന്നിവർ എഴുതിയ പുസ്തകങ്ങളാണ് ഈ പോസ്റ്റിന് ആധാരം.

168 views0 comments
bottom of page