top of page
Search

Ayaniyoottu Perumal Thampuran അയനിയൂട്ട് പെരുമാൾ തമ്പുരാൻ:

അയനിയൂട്ട് പെരുമാൾ തമ്പുരാൻ:

തെക്കൻ പാട്ടുകളിലെ മറ്റൊരു വീരനായകനാണ് അയനിയൂട്ട് തമ്പുരാൻ എന്ന ഇരവിവർമ്മ കുലശേഖര പെരുമാൾ തമ്പുരാൻ. കന്യാകുമാരി, തിരുവനന്തപുരം ജില്ലകളിൽ അയനിയൂട്ട് തമ്പുരാന് നിരവധി ക്ഷേത്രങ്ങൾ നിലവിലുണ്ട്. അധികമായി ഉപയോഗിച്ചുവരുന്ന 'അയണിയൂട്ട് തമ്പുരാൻ' എന്ന പ്രയോഗത്തെ കുറിച്ച് ചോദിച്ചപ്പോൾ അത് പ്രദേശികമായി വന്ന ഉച്ചാരണ പിശകാണെന്നാണ് ചരിത്ര ഗവേഷകനായ ശ്രീ തിക്കുറിശ്ശി ‌ഗംഗാധരൻ സാർ പറഞ്ഞത്. അന്നം അഥവാ അയനം ഊട്ടുന്ന തമ്പുരാൻ എന്ന അർത്ഥത്തിലാണ്‌ അയനിയൂട്ട് തമ്പുരാൻ എന്ന പേരുണ്ടായത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.‌

(ഒന്നാമത്തെ‌ ചിത്രം തിരുവനന്തപുരം കാലടിയിലെ അയനിയൂട്ട് തമ്പുരാൻ ക്ഷേത്രത്തിലെ ഉത്സവ നോട്ടീസിന്റെ കവർ ചിത്രമാണ്. രണ്ടാമത്തെ ചിത്രത്തിലെ ക്ഷേത്രം അമ്പലത്തറ - കല്ലടിമുഖം റോഡിനരുകിൽ സ്ഥിതി ചെയ്യുന്ന പട്ടണം കര അയനിയൂട്ട് തമ്പുരാൻ ക്ഷേത്രമാണ്.)

അയനിയൂട്ട് പെരുമാൾ തമ്പുരാൻ ചരിത്രം :

വേണാട്ടിലെ കൂപകസ്വരൂപത്തിലെ രാജാവായിരുന്നു ഉദയമാർത്താണ്ഡ വർമ്മ. അദ്ദേഹത്തിന്റെ ഏക അനന്തരാവകാശിയായിരുന്ന മരുമകൾ ഉമാദേവിയെ യാദവ വംശത്തിലെ ജയസിംഹ പെരുമാളിന് വിവാഹം ചെയ്തു കൊടുത്തു. നീണ്ടകാലം സന്താന ഭാഗ്യമില്ലാതിരുന്ന ഉമാദേവിക്ക് കൊല്ലവർഷം 441 ആമാണ്ട് ചിങ്ങമാസം ചതയം നക്ഷത്രത്തിൽ സൂര്യ തേജസ്സോടുകൂടി ഒരു ആൺകുട്ടി പിറന്നു. ജനിക്കുന്നത് ആൺ കുഞ്ഞാണെങ്കിൽ സൂര്യഭഗവാന്റെ പേരിടും എന്ന മുൻ പ്രതിഞ്ജ പ്രകാരം കുഞ്ഞിന് ' ഇരവിവർമ്മൻ' എന്ന് പേര് നൽകി. രാജകുമാരന് യോജിച്ച വിധത്തിൽ തന്നെ വിദ്യാഭ്യാസവും ആയുധാഭ്യാസവും സ്വായത്തമാക്കിയ ഇരവിവർമ്മൻ ഗണിതം, പുരാണം, വിവിധ ഭാഷകൾ, കാവ്യനാടകാദികൾ, കുതിര സവാരി, വാൾപ്പയറ്റ് എന്നിവയിൽ നിപുണത നേടി. തുളുനാടൻ കളരിയിൽ നിന്ന് ആശാന്മാരെ കൊണ്ടു വന്ന് കുമാരന് പതിനെട്ടടവും പഠിപ്പിച്ചു. ഈ നിലയിൽ ഇരവി വർമ്മൻ കൊട്ടാരത്തിനകത്തും പുറത്തുമുള്ളവരുടെ ആരാധനാ പാത്രമായി വളർന്നു. മഹാരാജവായിരുന്ന‌ മാർത്താണ്ഡവർമ്മ നാടുനീങ്ങിയ സമയത്ത് ഇരവി വർമ്മന് ഭരണഭാരം ഏൽക്കാനുള്ള പ്രായപൂർത്തിയായില്ല. അതിനാൽ ഭർത്താവായ ജയസിംഹന്റേയും വിശ്വസ്തരായ മന്ത്രിമാരുടേയും സഹായത്തോടെ ഉമാദേവി ഭരണം നടത്തി. പതിന്നാറാം വയസ്സിൽ ഇരവിവർമ്മന് കിരീടധാരണം നടത്തി അദ്ദേഹത്തെ വേണാട്ട് രാജാവാക്കി. അക്കാലത്ത് പാണ്ഡ്യരാജവിന്റെ ബന്ധുവായ വിക്രമ പാണ്ഡ്യൻ വേണാട്ടിന് ഭീഷണിയായിരുന്നു. യുവാവായ ഇരവിവർമ്മൻ വിക്രമപാണ്ഡ്യനെ യുദ്ധത്തിൽ തോല്പിച്ച് തടവുകാരനാക്കി പാണ്ഡ്യരാജാവിനെ തന്നെ ഏൽപ്പിച്ചു. ഇരവിവർമ്മന്റെ ധീരതയിൽ ആകൃഷ്ടനായ പാണ്ഡ്യരാജാവ് തന്റെ മകളെ ഇരവിവർമ്മന് വിവാഹം ചെയ്തു കൊടുത്തു. ഇരവിവർമ്മന്റെ ഭരണത്തിൽ വേണാട്ടിൽ ഐശ്വര്യം കളിയാടി. ശക്തനായ ഇരവിവർമ്മൻ മലനാട് മുഴുവൻ തന്റെ സാമ്രാജ്യത്തോട് ചേർത്തു. ഇക്കാലത്ത് പാണ്ഡ്യ രാജാവിന്റെ പുത്രന്മാരയ വീരപാണ്ഡ്യനും സുന്ദര പാണ്ഡ്യനുംതമ്മിൽ രാജാവകാശത്തിനു വേണ്ടി മത്സരമുണ്ടായി. പിതാവിനെ രഹസ്യമായി അപായപ്പെടുത്തിയ സുന്ദര പാണ്ഡ്യൻ നാടുവിട്ടുപോയി ഒരു സുൽത്താനുമായി ബന്ധം സ്ഥാപിച്ചു. അതിന്റെ അടിസ്ഥാനത്തിൽ മധുര രാജ്യം ആക്രമിച്ച് കൊള്ളയടിച്ച സുൽത്താന്റെ സൈന്യം വേണാടിന്റെ അതിർത്തി വരെയെവന്നു. യുദ്ധകാര്യത്തിൽ സമർഥാനായ ഇരവിവർമ്മൻ ശത്രുക്കളെ പരാജയപ്പ്ടുത്തി. അതിർത്തിക്കപ്പുറത്തു നിന്നു പോലും അവരെ തുരത്തി. നാഥനില്ലാക്കളരിയായിരുന്ന പാണ്ഡ്യദേശത്തു നിന്ന് വീരപാണ്ഡ്യനെ പരാജയപ്പെടുത്തി അവിടേയും ആധിപത്യം സ്ഥാപിച്ചു.പിന്നീട് ചോളരാജ്യവും കാഞ്ചീപുരവും ആക്രമിച്ച് കീഴടക്കി.മധുര, കാഞ്ചീപുരം, ശ്രീരംഗം, തിരുവാടി, എന്നിവിടങ്ങളിൽ വച്ച് ഇരവി വർമ്മൻ തന്റെ അഭിഷേകോത്സവം ആവർത്തിച്ചു. അങ്ങനെ ചേര-ചോള-പാണ്ഡ്യ ചക്രവർത്തി എന്നനിലയിൽ പ്രസിദ്ധനായ അദ്ദ്വ്വ്ഹം 'ത്രിഭുവന ചക്രവർത്തി'യായിത്തീർന്നു. ക്ഷേത്രങ്ങൾ പലതും പുനരുദ്ധരിച്ച ഇരവിവർമ്മൻ ഇവിടങ്ങളിൽ എല്ലാം വിപുലമായ രീതിയിൽ 'അയനിയൂട്ട്' (മംഗളകരമായ സദ്യ) നടത്തി. അങ്ങനെ ഇരവിവർമ്മൻ 'അയനിയൂട്ട് തമ്പുരാൻ' എന്ന പേരിൽ പ്രകീർത്തിക്കപ്പെട്ടു.


മഹാനായ ഇരവിവർമ്മന്റെ പ്രശസ്തി നാൽക്കുനാൽ വർദ്ധിച്ചു വന്നു. അതോടൊപ്പം ശത്രുക്കളും വർദ്ധിച്ചു. ഒരിക്കൽ പാണ്ഡ്യ ദേശത്ത് വച്ച് ശത്രുക്കൾ അദ്ദേഹത്തെ ഒളിച്ചിരുന്ന് വെട്ടി പരിക്കേൽപ്പിച്ചു. സാരമായി മുറിവേറ്റെങ്കിലുംഇരവി വർമ്മൻ ശത്രുക്കളെ മുഴുവൻ കൊന്നൊടുക്കി. ഒടുവിൽ ' ഭഗവതി അമ്മേ കാത്തുകൊള്ളണേ' എന്ന് പ്രാർത്ഥിച്ചു കൊണ്ട് തമ്പുരാൻ വീര സ്വർഗ്ഗം പ്രാപിച്ചു. അന്നദാന പ്രഭുവായ തമ്പുരാന്റെ വിയോഗത്തിൽ പ്രജകൾ വളരെയധികം ദുഃഖിതരായി.തങ്ങളുടെ വീരനായകന് സ്മാരകമായി അവർ ആരാധനയോടെ ക്ഷേത്രങ്ങൾ സ്ഥാപിച്ചു.

ആനപ്പുറത്തിരുന്ന് യുദ്ധം ചെയ്യുന്നതിൽ വിധഗ്ദ്ധനായിരുന്നു ഇരവി വർമ്മ തമ്പുരാൻ. അതിനാൽ ആനപ്പുറത്തിരിക്കുന്ന രൂപത്തിലാണ് ഊരൂട്ട് ക്ഷേത്രങ്ങളിൽ തമ്പുരാനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പല ക്ഷേത്രങ്ങളിലും ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് 'ആനയും കുതിരയും കളി'യും നടത്തി വരുന്നു. കന്യാകുമാരി ജില്ലയിലെ അണ്ടൂർ, കടുക്കറ, ബ്രഹ്മപുരം, തെൻപാറ, അരുമന, പൊന്മന തിരുവനന്തപുരം ജില്ലയിലെ പുതിച്ചൽ, ചെങ്കള്ളൂർ,കുണൂർ, അമ്പലത്തറ, കാലടി തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ അയനിയൂട്ട് തമ്പുരാന് ഇന്നുംക്ഷേത്രങ്ങളുണ്ട്. പല ഉലകുടെയ പെരുമാൾ തമ്പുരാൻ ക്ഷേത്രങ്ങളിലും അയനിയൂട്ട് തമ്പുരാനും സ്ഥാനം നൽകിയിട്ടുണ്ട്. കന്യാകുമാരി ജില്ലയിലെ പല‌ ക്ഷേത്രങ്ങളിലും അയനിയൂട്ട് തമ്പുരാന്റെ കഥ വിൽപ്പാട്ട് രൂപത്തിൽ അവതരിപ്പിക്കുന്നു. എന്നാൽ തിരുവനന്തപുരം ജില്ലയിൽ പലയിടത്തും ഇത് നന്തുണി മീട്ടി തോറ്റം പാട്ടായിട്ടാണ് അവതരിപ്പിക്കുന്നത്. ഇരയിമ്മൻ തമ്പുരാൻ, ആനൈക്കോട്ടു തമ്പുരാൻ, അശനമൂട്ട് തമ്പുരാൻ, അശനിയൂട്ട് തമ്പുരാൻ എന്നിങ്ങനേയും അയനിയൂട്ട് തമ്പുരാന് പേരുകളുണ്ട്. തിരുവിതാംകൂറിൽ 108 അയനിയൂട്ട് തമ്പുരാൻ ക്ഷേത്രങ്ങൾ നിലവിലുണ്ട് എന്നാണ് പറയുന്നതെങ്കിലും പലതും ഇന്ന് പരിവർത്തനങ്ങൾക്ക് വിധേയമായിട്ടുണ്ട്. സ്വകാര്യ കുടുംബങ്ങളുടെ പക്കലായിരുന്ന് പലതും മണ്മറഞ്ഞു. നിലനിൽക്കുന്നതിൽ പലതിലും ക്ഷേത്രഭാരവാഹികൾക്കു പോലും അയനിയൂട്ട് തമ്പുരാന്റെ ചരിത്രം അജ്ഞാതമാണ്. അയനിയൂട്ട് പെരുമാൾ തമ്പുരാൻ ചരിത്ര പുരുഷനാണെന്നറിയാതെ പല ദേവന്മാരേയും സങ്കല്പിച്ച് ആരാധിച്ച് വരുന്നതായും കാണുന്നുണ്ട്. തെക്കൻ കഥകളിലെ ചരിത്ര വസ്തുത മനസ്സിലാക്കനെങ്കിലും ചരിത്ര സ്മാരകങ്ങളായ തമ്പുരാൻ ക്ഷേത്രങ്ങൾ അവയുടെ പൗരാണിക തനിമയോടെ നിലനിൽക്കേണ്ടത് അത്യാവശ്യമാണ്.

( തെക്കൻ പാട്ടിലെ‌ തമ്പുരാൻ കഥകൾ എന്ന ഡോ.തിക്കുറിശ്ശി ഗംഗാധരൻ സാറിന്റെ പുസ്തകവും അദ്ദേഹത്തിന്റെ‌ നിരീക്ഷണങ്ങളുമാണ് ഈ പോസ്റ്റിന് ആധാരം )

Courtesy : Radhakrishnan Kollemcode

61 views1 comment
bottom of page