top of page
Search

CHITHARAL JAIN TEMPLE

Updated: Jun 23, 2019

കരിങ്കല്ലുകള്‍ പാകി മനോഹരമാക്കിയ വീതിയേറിയ നടപ്പാതകള്‍, ഇടയ്ക്കിടെ കല്ലില്‍ കൊത്തിയുണ്ടാക്കിയ ഇരിപ്പിടങ്ങള്‍, പാതയുടെ ഇരുവശവും തണല്‍ വിരിച്ച് നില്‍ക്കുന്ന മരങ്ങള്‍, മുകളിലോട്ടു കയറുന്തോറും ഇരുവശത്തെ പച്ചപ്പിനും മുകളിലെ സൂര്യനും കാഠിന്യം കൂടി വരുന്നതായി തോന്നും. കുറച്ചുകൂടി മുന്നോട്ടു നടന്നാല്‍ വഴി രണ്ടായി പിരിയും. ഇടതുവശം തിരഞ്ഞെടുത്താല്‍ എത്തിച്ചേരുക കുട്ടികള്‍ക്കായി നിര്‍മ്മിച്ചിരിക്കുന്ന ഒരു പാര്‍ക്കിലേക്കാണ്. വലതുവശത്തുള്ള റോഡ് ചെന്നുചേരുന്നതാവട്ടെ കല്ലുകല്‍ കൊണ്ടുണ്ടാക്കിയ ഒരു പ്രവേശന കവാടത്തിലേക്കും. കവാടത്തിനു സമീപം നിലകൊള്ളുന്ന പടുകൂറ്റന്‍ ആല്‍മരത്തിന്റെ കുളിര്‍മ ഇതുവരെ കയറിയ കയറ്റത്തിന്റെ ക്ഷീണങ്ങളെല്ലാം മായിക്കാന്‍ പര്യാപ്തമാണ്. കവാടത്തില്‍ നിന്നും കല്‍പ്പടവുകള്‍ ഇറങ്ങി ചെല്ലുമ്പോള്‍ പിന്നെയും കാഴ്ചകളാണ്. പാറക്കൂട്ടങ്ങള്‍ക്കു മുകളില്‍ തപസ്സില്‍ നിന്നും ഇതുവരെയും ഉണരാത്ത ഒരു യോഗിയെപ്പോലെ നിറഞ്ഞു നില്ക്കുന്ന നിശബ്ദതയില്‍ ഒരു ജൈനക്ഷേത്രം. ഇത് ചിതറാല്‍ ജൈനക്ഷേത്രം. തിരുവനന്തപുരം-കന്യാകുമാരി പാതയില്‍ മാര്‍ത്താണ്ഡത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ജൈനക്ഷേത്രമാണ് ചിതറാല്‍ ജൈനക്ഷേത്രം. ഒന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്നു കരുതുന്ന ഈ ക്ഷേത്രം അക്കാലത്തെ വാസ്തുവിദ്യയുടെയും ചിത്രകലകളുടെയും കൊത്തുപണികളുടെയും എല്ലാവിധ സാധ്യതകളും പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് നിര്‍മ്മിച്ചവയാണ്. കല്‍പ്പടവുകല്‍ ഇറങ്ങിച്ചെല്ലുമ്പോള്‍ കാണുന്നത് ക്ഷേത്രത്തിന്റെ മുകള്‍ഭാഗമാണ്. അതിന്റെ കരിങ്കല്‍ ചുവരുകളില്‍ കൊത്തിവെച്ച വിഗ്രഹങ്ങള്‍. പദ്മാസനത്തില്‍ ഇരിക്കുന്ന മഹാവീര തീര്‍ത്ഥങ്കരന്റെ ശില്പമാണ് അതില്‍ പ്രധാനം. ധ്യാനനിഗ്മനായ ശ്രീബുദ്ധന്റെ വിവിധ രൂപങ്ങള്‍ കൊത്തിയ പാറയും ഇതിനു സമീപമുണ്ട്. കൊത്തുപണികളുടെ പൂര്‍ണ്ണതയാണ് ഇതിന്റെ പ്രത്യേകത. ഇതിനു സമീപമുള്ള പൂര്‍ണ്ണമായും കല്ലില്‍ നിര്‍മ്മിച്ച ക്ഷേത്രത്തിലേക്ക് പടിക്കെട്ടുകള്‍ കയറി വേണം എത്താന്‍. കരിങ്കല്ലുകൊണ്ടുണ്ടാക്കിയ തൂണിലെ കൊത്തുപണികള്‍ എടുത്തു പറയേണ്ടതാണ്.             ക്ഷേത്രത്തിനുള്ളില്‍ ഗുഹപോലത്തെ മൂന്നു നിര്‍മ്മിതികള്‍ ഒന്നൊന്നിനോടു ചേര്‍ന്നാണ് ഇരിക്കുന്നത്. ഇതില്‍ മധ്യത്തിലുള്ളത് ഭഗവതി മന്ദിരമെന്ന് അറിയപ്പെടുന്നു. പ്രാചീന മലയാളം ലിപിയില്‍ ഇക്കാര്യങ്ങളെല്ലൊം ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിനു താഴെയായി കല്‍പ്പടവുകള്‍ ഇറങ്ങിയാല്‍ എത്തുന്നത് പാറക്കൂട്ടങ്ങള്‍ക്കു നടുവിലായി സ്ഥിതി ചെയ്യുന്ന പ്രകൃതിദത്തമായ ഒരു കുളത്തിലാണ്. ക്ഷേത്രക്കുളമായി ഉപയോഗിക്കുന്ന ഈ കുളത്തിനു സമീപമുള്ള പാറയില്‍ കാല്‍പ്പാദങ്ങളും പാദസ്വരങ്ങളും പതിഞ്ഞ പോലത്തെ പാടുകള്‍ കാണാം. രാമന്‍ ഉപേക്ഷിച്ച ശേഷം ഇവിടെവന്ന സീതാദേവിയുടെ കാല്‍പ്പാടുകളാണിവയെന്ന് പറയപ്പെടുന്നു. പ്രദേശവാസികള്‍ക്കിടയില്‍ മലൈ കോവില്‍ എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. തിരുവനന്തപുരം-കന്യാകുമാരി പാതയില്‍ കളയിക്കാവിള കഴിഞ്ഞ് കുഴിത്തുറ ജംങ്ഷനില്‍ നിന്നും തിക്കുറിശ്ശി റോഡിലൂടെ 9 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ഇവിടെയെത്താം.





#ChitharalJainTemple #Kanayakumari #Arumana #Marthandam #Chitharal




55 views0 comments
bottom of page