top of page
Search

Marunnu Kotta മരുന്നുകോട്ട

മരുന്നുകോട്ട - പൂര്‍ണ നാശത്തിന്റെ വക്കില്‍.

പത്മനാഭപുരം കൊട്ടാരത്തില്‍ നിന്നും അല്‍പ്പം മാറി തക്കല -കുലശേഖരം റോഡിലാണ് മരുന്നുകോട്ട സ്ഥിതി ചെയ്യുന്നത്.തിരുവിതാംകൂര്‍ രാജ്യത്തിലെ പ്രധാന കോട്ടയായിരുന്നു ഇത്. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ കുളച്ചല്‍ യുദ്ധത്തിലൂടെ പിടികൂടിയ ഡച്ച് ജനറല്‍ ഡിലോനായിയുടെ നേതൃത്വത്തിലാണ് മരുന്ന് കോട്ട പണിതത്. 3.69 ഹെക്ടറില്‍ സമുദ്രനിരപ്പില്‍ നിന്നും 260 മീറ്റര്‍ ഉയരത്തിലായിരുന്നു നിര്‍മാണം. യുദ്ധത്തില്‍ പരാജയപ്പെട്ട് പിടിയിലായ ഡച്ച് സൈനിക മേധാവിയെ മാര്‍ത്താണ്ഡവര്‍മ്മ പിന്നീട്തിരുവിതാംകൂര്‍ സൈന്യത്തിന്റെ മേധാവിയാക്കുകയായിരുന്നു. തുടര്‍ന്നാണ് പത്മനാഭപുരം കൊട്ടാരത്തിലിരുന്നാല്‍ കാണാന്‍ കഴിയുന്ന വിധത്തില്‍ മരുന്ന് കോട്ട പണിതത്. വെടിമരുന്ന് സൂക്ഷിക്കുകയായിരുന്നു കോട്ട നിര്‍മാണത്തിന്റെ ലക്ഷ്യം. വെടിമരുന്നും തോക്കുകളും മറ്റ് ആയുധങ്ങളും സൂക്ഷിക്കാനായി പണിത കോട്ട പിന്നീട് മരുന്ന് കോട്ട എന്നറിയപ്പെടുകയായിരുന്നു. ഗ്രാനെറ്റ് കല്ലുകള്‍ കൊണ്ട് തറയും ലാറ്ററൈറ്റ് കല്ലുകള്‍ കൊണ്ടു ചുമരുകളും നിര്‍മിച്ചു. ഇരുപതടിമുതല്‍ നാല്‍പതടി വരെ ഉയരമുള്ള മതിലും കെട്ടി. ഇവിടെ നിന്നും പത്മനാഭപുരം കൊട്ടാരത്തിലേക്ക് രഹസ്യവഴിയും നിര്‍മിച്ചു. രാജാവും സൈനിക മേധാവിയും മാത്രമായിരുന്നു ഇതുവഴി വന്നിരുന്നത്. കോട്ടയ്ക്ക് ഓട്ടോമാറ്റിക്ക് സംവിധാനത്തില്‍ തുറക്കാന്‍ കഴിയുന്ന ഗേറ്റ് ഉണ്ടായിരുന്നുവെന്ന് രേഖകളില്‍ കാണുന്നു. എന്നാല്‍ ഇപ്പോഴതില്ല. പട്ടാണികുളം എന്ന പേരില്‍ ഒരു കുളവും ഇവിടുണ്ട്. പട്ടാണികളായ ഭടന്മാര്‍ ഇവിടെയായിരുന്നു കുളിച്ചിരുന്നത്. ഇപ്പോഴും വര്‍ഷത്തില്‍ ഒരു തവണ ആര്‍ക്കോട്ട് നവാബിന്റെ കുലത്തില്‍പ്പെട്ട പട്ടാണികള്‍ ഇവിടെ എത്തി കുളിക്കാറുണ്ട്.



വിഭജനത്തോടെയാണ് കോട്ടയുടെ നാശം തുടങ്ങിയത്. കന്യാകുമാരി ജില്ല തമിഴ്നാടിൽ ചേർന്നതോടെ കോട്ടയെ സംരക്ഷിക്കാന്‍ ആരും ഇല്ലാതെയായി. കോട്ടയും പരിസരവും ഇപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ താവളം കൂടിയാണ്. സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കില്‍ കാല്‍ നൂറ്റാണ്ട് പഴക്കമുള്ള കോട്ട ഇനി അധിക കാലം നിലനില്‍ക്കില്ല. ഇതൊരു പുരാവസ്തു കേന്ദ്രമായി പ്രഖ്യാപിക്കണമെന്നു ആവശ്യപെടുന്നു.


#MarunnuKotta #Kanyakumari #Thuckalay #Travancore

173 views0 comments
bottom of page