Melancode Aniyathi Kshethram(ഉമ്മിണിത്തങ്ക)

ഉമ്മിണിത്തങ്ക - നാഞ്ചി നാട്ടിലെ യക്ഷിക്കഥകൾ
നാഞ്ചിനാട്ടിലെ യക്ഷിക്കഥകളിൽ പ്രശസ്തമായതും എന്നാൽ പല കാരണങ്ങൾ കൊണ്ടും മനഃപൂർവ്വമായോ അല്ലാതെയോ വിസ്മരിക്കപ്പെടുന്നതും ഒഴിവാക്കപ്പെടുന്നതുമായ ഒന്നാണ് ഉമ്മിണിത്തങ്ക എന്ന നീലമ്മപ്പിള്ളയുടെ കഥ. തിരുവിതാംകൂറിൽ നിലനിന്ന മരുമക്കാത്തയ- മക്കത്തയ പോരിന്റെ രക്തസാക്ഷി കൂടിയാണ് ഉമ്മിണിത്തങ്ക. 1724 മുതൽ 1729 വരെ വേണാട് ഭരിച്ചിരുന്ന രാജാവാണ് രാമവർമ്മ. ആറ്റിങ്ങൽ റാണിയായിരുന്ന അശ്വതി തിരുന്നാൾ ഉമയമ്മറാണിയുടെ പുത്രൻ രവിവർമ്മയുടെ ഭരണകാലത്ത് കോലത്തുനാട്ടിൽ നിന്നും ദത്തെടുത്ത രണ്ടു രാജകുമാരന്മാരിൽ ഇളയയാളാണ് രാമ വർമ്മ. ജ്യേഷ്ഠൻ ഉണ്ണിക്കേരള വർമ്മ നാടുനീങ്ങിയതിനെ തുടർന്നാണ് ആദ്ദേഹം വേണാടിന്റെ ഭരണാധികാരിയായത്. ഇവരെ കൂടാതെ രണ്ട് കുമാരിമാരേയും അന്ന് കോലത്തു നാട്ടിൽ നിന്നും ദത്തെടുത്തിരുന്നു. അതിൽ മൂത്ത റാണി പെട്ടെന്ന് മരണപ്പെട്ടു. ഇളയയാൾ ഉമയമ്മ റാണിക്കു ശേഷം ആറ്റിങ്ങൾ റാണിയായി. ഇവരുടെ പുത്രനാണ് ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്നറിയപ്പെടുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ.
ഒരിക്കൽ ശുചീന്ദ്രം തേരോട്ടം കാണാനെത്തിയ രാമവർമ്മ മഹാരാജാവ് അഭിരാമി എന്ന സ്ത്രീയെ കണ്ട് ഇഷ്ടമാകുകയും തുടർന്ന് പട്ടും പരിവട്ടവും നൽകി കെട്ടിലമ്മയാക്കുകയും ചെയ്തു.ഇവർക്ക് ഈ ബന്ധത്തിൽ പത്മനാഭൻ തമ്പി ( പപ്പു തമ്പി) , രാമൻ തമ്പി ( കുഞ്ഞു തമ്പി) , നീലമ്മപ്പിള്ള (ഉമ്മിണിത്തങ്ക) എന്നിങ്ങനെ മൂന്ന് മക്കൾ ജനിക്കുന്നു.1729 ജനുവരി 27 ന് രാമവർമ്മ നാടുനീങ്ങി. തുടർന്ന് മരുമക്കത്തയ സമ്പ്രദായം അനുസരിച്ച് മാർത്താണ്ഡവർമ്മ മഹാരാജാവായി.എന്നാൽ രാമവർമ്മയുടെ പുത്രന്മാര പപ്പുത്തമ്പിയും രാമൻ തമ്പിയും എന്നിനെ എതിർക്കുകയും മാർത്താണ്ഡവർമ്മയുടെ ബദ്ധശത്രുക്കളായിത്തീരുകയും ചെയ്തു. എന്നാൽ മാർത്താണ്ഡവർമ്മയെ ഇഷ്ടമായിരുന്ന് ഉമ്മിണിത്തങ്കയ്ക്ക് തന്റെ സഹോദരന്മാരും അദ്ദേഹവുമായി ശത്രുതയിലായതിൽ വിഷമവുമുണ്ടായിരുന്നു. തമ്പിമാർക്ക് ഉണ്ടായിരുന്ന പ്രത്യേക പദവിയും മറ്റും മാർത്താണ്ഡവർമ്മ ഇല്ലാതാക്കി. ഇത് ഇവർ തമ്മിൽ കൂടുതൽ ശത്രുതയിലേയ്ക്ക് നയിച്ചു.
മാർത്താണ്ഡവർമ്മയുടെ അധികാരത്തെ എതിർത്ത തമ്പിമാർ നാഗർകോവിൽ ആസ്ഥാനമാക്കി രാജാവിനെതിരെ കലാപം ആരംഭിച്ചു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഊരാളന്മാരായ പോറ്റിമാരും അവരെ സഹായിച്ചു. എട്ടുവീട്ടിൽ പിള്ളമാരുടെ സഹായത്തോടെ അവർ മാർത്താണ്ഡവർമ്മയെ വധിക്കാൻ ഗൂഢാലോചന നടത്തി. എന്നാൽ തന്റെ ചാരമാർ മുഖേന മാർത്താണ്ഡവർമ്മ ഇത് മനസ്സിലാക്കുകയും പപ്പു തമ്പിയേയും രാമൻ തമ്പിയേയും നാഗർകോവിൽ കൊട്ടാരത്തിൽ വിളിച്ചു വരുത്തി വധിക്കുകയും ചെയ്തു. ഇതറിഞ്ഞ തമ്പിമാരുടെ മാതാവും അമ്മാവനും സ്വയം മരണം വരിച്ചു.
തന്റെ ബന്ധുക്കൾ മുഴുവൻ നഷ്ടപ്പെട്ടതറിഞ്ഞ ഉമ്മിണിത്തങ്ക അതിനു കാരണക്കരനായ മാർത്താണ്ഡവർമ്മയേയും രാജ്യത്തേയും ശപിച്ചു. എന്നാൽ പിന്നീട് പിറന്ന മണ്ണിനെ ശപിച്ചതിൽ പശ്ചാതാപം തോന്നിയ ഉമ്മിണിത്തങ്ക ശാപം ചൊരിഞ്ഞ തന്റെ നാവ് പിഴുതെറിഞ്ഞ് ആത്മഹത്യ ചെയ്തു.
തന്റെ കൂടി ബന്ധുക്കളായ അഞ്ചുപേരുടെ ജീവൻ നഷ്ടമായതിൽ മാർത്താണ്ഡവർമ്മയ്ക്ക് കുറ്റബോധം തോന്നി. ദുഃസ്വപ്നം കണ്ട് ഞെട്ടിയുണർന്ന് അദ്ദേഹത്തിന്റെ രാത്രികൾ നിദ്രാവിഹീനങ്ങളായി. ഒടുവിൽ മന്ത്രിയായ രാമയ്യൻ ദളവയുടെ നിർദ്ദേശ പ്രകാരം പ്രശ്നം വയ്ക്കുകയും അതിൻപ്രകാരം പത്മനാഭപുരത്തിനു സമീപം മേലാങ്കോട് സതി ചെമ്പകവല്ലി യക്ഷിയമ്മൻ ക്ഷേത്രത്തിനരുകിലായി ഉമ്മിണിത്തങ്കങ്കയ്ക്കും ഒരു ക്ഷേത്രം പണിയുകയും ചെയ്തു.
ചെമ്പകവല്ലിയ്ക്കു പുറമേ, സതി വടുവകച്ചി, കുലശേഖര പെരുമാൾ എന്നിവർക്കും കൂടി പ്രതിഷ്ഠയുള്ള ക്ഷേത്രം ചേട്ടത്തിയമ്പലം എന്നും ഉമ്മിണിത്തങ്കയുടെ ക്ഷേത്രം അനിയത്തിയമ്പലം എന്നും അറിയപ്പെടുന്നു. പ്രശസ്തമായ ശിവാലയം ഓട്ടത്തിലെ എട്ടാമത്തെ ശിവക്ഷേത്രവും ഇതിനരികിലാണ് സ്ഥിതി ചെയ്യുന്നത്. സതി ചെമ്പകവല്ലി, വടുവകച്ചി, പുരുഷാദേവി, പൊന്നിറത്താൾ, തൊട്ടുക്കാറ ഇശക്കി, കള്ളിയങ്കാട്ട് നീലി, എന്നിങ്ങനെ നിരവധി യക്ഷിക്കഥകൾ പ്രചാരത്തിലുള്ള നാഞ്ചിനാട്ടിൽ ഉമ്മിണിത്തങ്കയുടെ കഥയെ പാർശ്വവത്കരിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതായി ചരിത്രകാരന്മാർ ആശങ്കപ്പെടുന്നു. മേലങ്കോട്ടിൽ ഉമ്മിണിത്തങ്കയ്ക്ക് പകരം നീലിയായും മറ്റും കഥകൾ പ്രചരിപ്പിക്കുന്നത് ചരിത്രത്തെ വളച്ചിടിക്കുന്നതിനാണെന്നും അവർ അഭിപ്രായപ്പെടുന്നു.ഉമ്മിണിത്തങ്ക എന്ന പേരിൽ ജഗതി എൻ.കെ ആചാരി രചിച്ച് ജി.വിശ്വനാഥ് സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രം 1961 ൽ പുറത്തിറങ്ങുകയുണ്ടായി.
കടപ്പാട് : DrBinu Harichandanam , വിക്കിപ്പീഡിയ