Melancode Yakshiyamma മേലാങ്കോട് യക്ഷിയമ്മമാർ
മേലാങ്കോട് യക്ഷിയമ്മമാർ
കന്യാകുമാരി ജില്ലയിലെ പ്രശസ്തമായ വേളിമല കുമാറകോവിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം മേലാങ്കോട് എന്നൊരു സ്ഥലമുണ്ട്. 'ശിവാലയ ഓട്ടത്തിലെ' എട്ടാമത്തെ ശിവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.അതിനോടൊപ്പം തന്നെ രണ്ടു പ്രശസ്തമായ യക്ഷി അമ്പലങ്ങളും ഉണ്ട്. ഇവ ചേട്ടത്തി അമ്പലം,അനിയത്തി അമ്പലം എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ശിവ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള അമ്പലത്തില്‍ സതിയായ വടുവിച്ചിയമ്മയുടെയും അവരുടെ ആരാധ്യനായ കുലശേഖരത്തമ്പുരാന്റെയും, സതി ചെമ്പകവല്ലിയുടെയും വിഗ്രഹങ്ങള്‍ പ്രതിഷ്ടിച്ചിട്ടുണ്ട്.

കുലശേഖരത്തമ്പുരാനും സതി വടുവിച്ചിയമ്മയും:
കന്നടിയ രാജാവിന്റെ പുത്രിയായ വടുവിച്ചി വള്ളിയൂര്‍ ഭരിച്ചിരുന്ന കുലശേഖരപണ്ട്യനില്‍ അരുരക്തയായി. വിവരം മനസ്സിലാക്കിയ കന്നടിയ രാജാവ് വള്ളിയൂരിലേക്ക് ദൂതനെ അയച്ച് കുലശേഖര പാണ്ട്യനെ വിവരം ധരിപ്പിച്ചു. എന്നാല്‍ അദ്ദേഹം അത് നിരസിക്കുകയും കന്നടിയനെ ആക്ഷേപിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രശസ്തമായ കന്നടിയന്‍ യുദ്ധങ്ങള്‍ നടക്കുന്നു. ആദ്യ രണ്ടു യുദ്ധങ്ങളിലും കുലശേഖര പാണ്ഡ്യൻ വിജയിച്ചു. മൂന്നാമത്തെ യുദ്ധത്തില്‍ കന്നടിയന്‍ കുലശേഖര പാണ്ഡ്യനെ പരാജയപ്പെടുത്തുകയും തടവുകാരനാക്കി പല്ലക്കിലേറ്റി തന്റെ പാളയത്തിലേക്ക് കൊണ്ട് പോരുകയും ചെയ്തു. എന്നാല്‍ അപമാനിതനായ കുലശേഖര പാണ്ഡ്യന്‍ പല്ലക്കില്‍ വച്ച് തന്നെ ആത്മഹത്യ ചെയ്തു. തീരാദുഃഖത്തിലായ കന്നടിയന്റെ മകള്‍ കുലശേഖര പാണ്ട്യനോടൊപ്പം ജീവത്യാഗം ചെയ്യുമെന്ന് പ്രസ്താവിച്ചു.തുടര്‍ന്ന് കുലശേഖര പാണ്ഡ്യന്‍റെ മൃതദേഹവുമായി വടുവകച്ചിയുടെ വിവാഹ കര്‍മ്മം നടത്തി. തുടര്‍ന്ന് വടുവകച്ചി സതി അനുഷ്ടിക്കുകയും ചെയ്തു. കുലശേഖര പാണ്ഡ്യനും തന്റെ മകള്‍ക്കും വേണ്ടി സ്മാരകങ്ങള്‍ നിര്‍മ്മിച്ച ശേഷം കന്നടിയന്‍ നാടിലേക്ക് തിരിച്ചു പോയി.

സതി ചെമ്പകവല്ലി:
അനന്തന്‍കുട്ടി എന്നാ ബ്രാഹ്മണ യുവാവ് തനിക്കു അനുരൂപയായ വധുവിനെ അന്വേഷിച്ചു നടക്കുകയും ഒടുവില്‍ വള്ളിയൂര്‍ ദേശത്ത് ശംഖപുരി എന്ന ഗ്രാമത്തില്‍ സുന്ദരിയായ ചെമ്പകവല്ലി എന്നൊരു പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തു.ചെമ്പകവല്ലിയെ വിവാഹം ചെയ്ത അനന്തന്‍കുട്ടി വസ്ത്ര വ്യാപാരവുമായി അവിടെ തന്നെ താമസിച്ചു. എന്നാല്‍ മുകിലപ്പടയുടെ ആക്രമണം കാരണം തുടര്‍ന്ന് കല്‍ക്കുളം നീലകണ്‌ഠസ്വാമി ക്ഷേത്രത്തിനടുത്തേക്ക് താമസം മാറ്റി. ഒരിക്കല്‍ കൂട്ടുകാരുമായി വടക്കന്‍ നാടുകളില്‍ വ്യാപാരം നടത്താന്‍ പോയി തിരിച്ചു വരവേ വൈക്കത്തിനു സമീപത്ത് വച്ച് അനന്തൻ കുട്ടി ദുരൂഹമായി കൊല ചെയ്യപ്പെട്ടു.സഹയാത്രികരില്‍ നിന്നും വിവരം മനസ്സിലാകിയ ചെമ്പകവല്ലി സതി അനുഷ്ടിക്കുമെന്നു ബന്ധുക്കളെ അറിയിച്ച ശേഷം മഹാരാജാവിനെ മുഖം കാണിക്കാന്‍ ചെന്നു. അവളുടെ പരിതാപകരമായ അവസ്ഥ മനസ്സിലാക്കിയ രാജാവ് അവളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ചെമ്പകവല്ലി അതിനു തയ്യാറായില്ല.അവളുടെ ഉറച്ച തീരുമാനം ഒടുവില്‍ രാജാവിന് അംഗീകരിക്കേണ്ടി വന്നു. ഉദയഗിരിക്കോട്ടക്കകത്ത് അരയാലിന്‍ മൂട്ടില്‍ അഗ്നികുണ്ഡം ഉണ്ടാക്കുകയും ചെമ്പകവല്ലി സതി അനുഷ്ടിക്കുകയും ചെയ്തു.ആരാധ്യയായിതീര്‍ന്ന ചെമ്പകവല്ലിയെ സതീ ദേവതയായി പൂജിച്ചു വരുന്നു. © Radhakrishnan Kollemcode
#MelancodeTemple #Yakshiyamma #Melancode #Kumarakovil #Velimala