top of page
Search

നവരാത്രി എഴുന്നള്ളത് ഗുരു ശരണംകുമാരകോവിൽ മുരുകൻ തുണ

നവരാത്രി എഴുന്നള്ളത് ഗുരു ശരണം കുമാരകോവിൽ മുരുകൻ തുണ അനന്തപുരിയുടെ അക്ഷര പൂജയ്ക്കായി നവരാത്രി എഴുന്നള്ളത്. നാഞ്ചിൽ നാടിന്റെ പഴമ ഉണർത്തുന്ന പഴയാറ്റിന്റെ തീരത്ത്, ശുചീന്ദ്രനാഥന്റെ മുന്നിൽ നിന്നും മുൻഉദിത്ത നങ്ക അനന്തപുരിയിലേക്കു ആഘോഷമായി പല്ലക്കിൽ പുറപ്പെടുമ്പോൾ കാലം ഒരു രാജകീയ ഗദകാല സ്മരണകളിലേക്ക് യാത്രയാവുന്നു. നാഗർകോവിലും, ചരിത്രം ഉറങ്ങുന്ന കള്ളിയങ്കാടും താണ്ടി അമ്മ എഴുന്നള്ളുമ്പോൾ അത് ഒരു ഓർമപ്പെടുത്തൽ. തൂവലാറും, ഉദയഗിരി കോട്ടയും കടന്നു, കൽക്കുളം നീലകണ്‌ഠ പെരുമാളിന്റെ സവിതത്തിലേക്കു ഒരു മഹാ പ്രയാണത്തിന്റെ നാന്ദി കുറിക്കലായി. അസ്തമന സൂര്യൻ പടിഞ്ഞാറ്റിലേക്കു മറയുമ്പോൾ അകലെ വേളിമലയിൽ പുറപ്പാടിന്റെ മുൻ ഒരുക്കങ്ങൾ . വേളി മല ഭക്തിയുടെ കുംകുമ മേഘങ്ങൾ എന്നും ഭക്ത മനസുകളിൽ പറവക്കാവടി തീർക്കുന്ന പുണ്ണ്യ സങ്കേതം. വള്ളി സമേതനായ ശ്രീ സുബ്രമണ്യ പെരുമാൾ വാഴുന്ന പുണ്ണ്യ പുരാതന ക്ഷേത്രം .തിരുവിതാംകൂറിന്റെ രാജ പരമ്പര പദ്മനാഭദാസന്മാർ എങ്കിലും , എന്നും വേലായുധൻ അവർക്കു പര ദേവതാ തുല്യൻ . കാലം കൂട്ടിച്ചേർത്ത ഒരുപാടു ഏടുകൾ ഇന്നും ഈ വാക്കുകൾക്കു അടിവര ഇടുന്നു . കുറവന്റെ (നമ്പിരാജൻ ) മകളെ(വള്ളി ) വേളി കഴിച്ചതിനാൽ അച്ഛൻ കോപിച്ചിരിക്കുന്നു. ഈ കോപത്തെ ശമിപ്പിക്കാൻ ഉപായം അമ്മാവനെ കൊണ്ട് ശുപാര്ശ നൽകുകയെ ഉള്ളു . വേലവന് നങ്ക നൽകിയ ഉപദേശം . തമിഴ് കവി കമ്പനാൽ പൂജിക്കപ്പെട്ട സരസ്വതി വിഗ്രഹം പദ്മനാഭപുരത്തിന്റെ ഹോമപ്പുര കുളത്തിനടുത്ത തേവാരപ്പുരയിൽ നിത്യ പൂജ ഏറ്റുവാങ്ങി ശോഭിക്കുന്നു . അനന്ത പുരിയുടെ നവരാത്രി പൂജയ്ക്കു സരസ്വതി വിഗ്രഹം വേണം എന്ന രാജ ശാസന , കൽകുളത്തു നിന്ന് പൂജാ വിഗ്രഹങ്ങൾ തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെടുമ്പോൾ ഇന്നും നാട്ടിൻ പുറത്തെ പഴമക്കാർക് പറയാൻ ഉള്ള ഒരു കഥ . ശ്രീ പദ്മനാഭന്റെ മുൻപിൽ എത്തിയപ്പോൾ നങ്ക കൂറുമാറി ,ശ്രീ പദ്മനാഭനോട് മുരുകൻ-കുറത്തി കല്യാണ വിശേഷങ്ങൾ നങ്ക നിരത്തി , ഈ കഥാ ശ്രേണി നങ്കക്കു ഒരു ഓമനപ്പേരും ചാർത്തി നൽകി , “കുണ്ഠണി നങ്ക”. അതാണ് ഇന്നും പഴമയുടെ കഥാ ശീലുകളിൽ കുണ്ഠണി നങ്കയം കുമാര സ്വാമിയും വരുന്നു എന്ന പദ പ്രയോഗം. വേളിമലയിൽ നിന്നും കുമാരസ്വാമി പല്ലക്കിൽ എഴുന്നള്ളും, ഏഴു വെളുപ്പിന് ദേവൻ പുറപ്പെടാൻ തയാറാവുമ്പോൾ ക്ഷേത്ര മണി ആചാരപരമായി ആറു തവണ മുഴങ്ങും .ദേവൻ പ്രദക്ഷിണ വഴി വലം വച്ച് കിഴക്കേ നട വഴി ഇറങ്ങുമ്പോൾ വായ് കുരവയും നാദ,താള,വാദ്യഘോഷങ്ങളും,ഹരോഹര വിളികളും ഭക്ത ഹൃദയങ്ങളെ പറവക്കാവടി ആടിക്കും. കിഴക്കേ നടയിലെ ഗണപതി ഭഗവാനെ വലം വച്ച് നിൽകുമ്പോൾ,ദേവ സേനാപതിക്കു കേരളാ ,തമിഴ്നാട് പോലീസിന്റെ ഗോഡ് ഓഫ് ഹോണർ. പിന്നെ യാത്ര പദ്മനാഭപുരത്തേക്കു. ദേവൻ വള്ളിയമ്മയോടു യാത്രചൊല്ലി പുറത്തേക്കു എഴുന്നള്ളുമ്പോൾ പല്ലക്ക് പുരയുടെ മുന്നിൽ മഹാ യാത്രയുടെ വരവറിയുക്കുന്ന വെള്ളി വാഹനം(വെള്ളി കുതിര ) പുറപ്പെടാൻ തയാറാവും മുരുകന്റെ ഇഷ്ടവാഹനം മയ്യിലെങ്കിലും ഈ രാജകീയ യാത്രക്ക് ചുക്കാൻ പിടിക്കുന്നത് തലയെടുപ്പുള്ള വെള്ളി കുതിര,വേലുത്തമ്പി ദളവ നടക്കുവച്ച വെള്ളി കുതിര .തടിയിൽ വെള്ളികൊണ്ടു പണിത വാജി വാഹനം. പല്ലക്കിനേക്കാൾ ഭാരം കൂടിയ വെള്ളി കുതിര രാജകീയ പരിവേഷത്തിൽ പടിഞ്ഞാറേ നടവഴി യാത്ര പുറപ്പെടും. പഴമയുടെ കഥ പറയുന്ന മേലാംകോടും പുലിയൂർകുറിച്ചിയുടെ അഗ്രഹാര തെരുവുകളും,ദേവൻ താണ്ടുമ്പോൾ,വീഥിയിൽ വരച്ചിട്ട വർണ കോലത്തിലും, ഭക്ത മനസ്സുകളിലും അനർവചനീയമായ അനുഭൂതി.ഓരോ തിരുക്കം ചാർത്തും സ്വീകരിച്ചു കൽകുളത്തിന്റെ കവാടത്തിലേക്ക്. കൽക്കുളം രാജ പ്രതാപത്തിന്റെ മുഹ മുദ്ര . തിരുവിതാംകൂറിന്റെ രാജ തലസ്ഥാനം, പോയ്മറഞ്ഞ രാജ വാഴ്ചയുടെ നിത്യ സ്മരണ തുളുമ്പി നിൽക്കുന്ന കോട്ടയും കൊട്ടാര സമുച്ചയവും.ശ്രീ നീലകണ്ഠ സ്വാമിയും ആനന്ദവല്ലിയും അനുഗ്രഹവർഷം ചൊരിയുന്ന ശ്രീകോവിലിനെ വലംവച്ച് വരുമ്പോൾ. കാത്തിരുപ്പുമായ് നങ്ക( ശുചീന്ദ്രം മുൻ ഉദിത്ത മങ്ക ).ഒരു കൈവഴി കൂടി എഴുന്നളത്തിന്നു മാറ്റു കൂട്ടുന്നു. ഇരുവരും ഒരുമിച്ചു തേവര കെട്ടിലേക്കു. മഹാ രാജാക്കന്മാർ സേവിച്ച ശ്രീ പദ്മനാഭ സ്വാമിയുടെ ഉപ്പിരിക മാളിക.വാടാ വിളകിന്റെ ശോഭയിൽ ഇന്നും പ്രഭ തൂകി നിൽക്കുന്ന ചുമർ ചിത്രങ്ങളും,ശ്രീ പദ്മനാഭൻ പള്ളി കൊള്ളുന്നു എന്ന സങ്കല്പത്തിലെ രാജ കട്ടിലും, എല്ലാത്തിനും ഉപരിയായി കാലം എത്ര കടന്നാലും കഥ പറയുന്ന മഹാരാജാവിന്റെ ഉടവാളും. ഈ യാത്രയിൽ ദേവസ്വം ഉദ്യോഗസ്ഥന് കൈ മാറുന്ന ഉടവാളാണ് നവരാത്രി എഴുന്നളത്തിന്നു അകമ്പടി സേവിക്കുന്നത്. തേവാരക്കെട്ടിൽ നിന്നും മഹാ സരസ്വതീ എഴുന്നള്ളുന്നു രാജകീയ അകമ്പടിയിൽ. വർണ പട്ടുടയാടയും അലങ്കാരങ്ങളും ചേർത്ത ജീവിത, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ മുകളിലേക്കു. ആലവട്ടവും വെഞ്ചാമരവും മുത്തുക്കുടയുടെ പ്രൗഢിയും കാഴ്ചക്ക് നിറച്ചാർത്തു പകരുന്ന നിമിഷങ്ങൾ. മൂവരും കൂടി എഴുന്നള്ളുമ്പോൾ അത് നാടിന്റെ തായ്മൊഴിയിൽ കൂടിഎഴുന്നള്ളിപ്പ് , കുലശേഖര പിള്ളയാരെ തൊഴുതു , നേരേ കൊട്ടാര നടയിലേക്ക്.. രാജ പ്രതാപത്തിന്റെ വലിയ കാണിയ്ക്ക.പിന്നെ ആചാര പൂർവമായ നവരാത്രി എഴുന്നള്ളത് സമാരംഭിക്കുകയായി അനന്തപുരിയിലേക്കു മൂന്ന് ദിന രാത്രങ്ങൾ വേണം ഈ യാത്രയ്ക്ക്. പദ്മനാഭപുരത്തു നിന്ന് പുറപ്പെട്ടാൽ ആദ്യ വിശ്രമം കേരളപുരത്തു . മഹാ ദേവൻറ്റെയും മഹാ ഗണപതിയുടെയും മധ്യത്തില് വേലായുധപെരുമാളിനു വിശ്രമം , നങ്കയം തുണ ..


സരസ്വതീ ദേവി കുറച്ചകലെ കൃഷ്ണൻ കോവിലിൽ വിശ്രമിക്കുന്നു .. യാത്രയുടെ ക്ഷീണം മാറ്റി , വീണ്ടും പുറപ്പെടൽ .... കത്തി നിൽക്കുന്ന സൂര്യന്റെ കിരണങ്ങൾ പോലും ഭക്തിയുടെ എഴുന്നള്ളത് കണ്ട് നാണിച്ചുപോക്കും ... തിരുവിതാംകോട് കടന്നു യാത്ര എത്തി ചേരുന്നത് ദേശീയ പാതയിൽ , അഴകിയ മണ്ഡപം .... മുളകുമൂടിന്റെ തണലും , കാട്ടാൽ തുറയിലെ തണുപ്പും സന്ധ്യയോടെ സ്വാമിയാർ മഠത്തിലേക്ക് നമ്മെ കൂടി ചെല്ലും ..തീ വെട്ടി ശോഭ പ്രഹാശിക്കുന്നതും വർണ ശബളമായ എതിരേൽപ്പ് ദേവി ദേവൻ മാർക് ...താലപ്പൊലിയും ശബ്ദ കോലാഹലങ്ങളും നൽകി ഊഷ്മളമായ സ്വീകരണം .ഇരവിപുതൂർക്കടയും പമ്മവും കടന്നു മാർത്താണ്ഡത്തിലേക്കു. നേരം പാതിരവോടു അടുക്കും , ആദ്യത്തെ ആറു താണ്ടാൻ .താമ്രപര്ണി , കുഴിത്തുറയിൽ പുഷ്പ പരവതാനി തീർത്താണ് സ്വീകരണം എഴുന്നള്ളത് ആദ്യരാത്രി താവളത്തിൽ എത്തുമ്പോൾ മിഴികളിൽ ഭക്തിയുടെ നിലാവുകളുമായ് ഭക്തർ കാത്തു നിൽക്കും .. രണ്ടാം ദിനം എഴുന്നളിപ്പ് എത്തുന്നത് സംസ്ഥാന അതിർത്തിയിലേക്ക് . വരവേൽപിൽ തന്നെ കാണാം രണ്ടു സംസ്കാരങ്ങളുടെ വേർതിരിവ് . ഉദിച്ചു ഉയർന്നു നിൽക്കുന്ന ഉച്ച സൂര്യനെ സാക്ഷിയാക്കി സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ ഉജ്വല സ്വീകരണം ദേശത്തിന്റെ അതിർവരമ്പ് കടന്നെത്തുന്ന ദേവി ദേവന്മാരെ പുഷ്പവൃഷ്ടിയുമായ്സ്വീകരിക്കുന്ന കാഴ്ച അനർവചനീയം .സ്നേഹത്തിൻറ്റെ വീർപ്പുമുട്ടലുകൾ നൽകി കേരള സംസ്ഥാനത്തേക്കു ഉപചാരപൂർവ്വം സ്വീകരിക്കുമ്പോൾ,ജാതി,മത,വർണ വിവേചനകൾക്കു എത്തിനോട്ടമില്ലാത്ത അനുപമ നിമിഷങ്ങളിലേക്കു നമ്മെ കാലം കൈപിടിച്ചാനയിക്കും.


പാറശാല മഹാദേവന്റെ മുന്നിലേക്ക് ഉച്ച വിശ്രമം കഴിഞ്ഞു വീണ്ടും നെയ്യാറ്റിൻകര ലക്ഷ്യമാക്കി നീങ്ങുന്നു. പരശുവയ്ക്കലിലെ സ്വീകരണവും, ഉദയൻകുളങ്ങരയിലെ കഞ്ഞിയും യാത്രയ്ക്ക് മഴവിൽ ശോഭ ചാർത്തും. വഴിയരികിൽ നിരത്തിയ നിലവിളക്കിന്റെ പ്രഭാപൂരവുമായേ അമരവിള യാത്രയെ സ്വീകരിക്കാറുള്ളു.രണ്ടാം ദിനത്തിന്റെ ലക്ഷത്തിലേക്കു എതാൻ കടക്കണം നെയ്യാർ.അമ്മച്ചി പ്ളാവിന്റെ കഥാ ഓർമകളുമായി,കൈയിൽ നറു വെണ്ണയും തിരു മുടിയിൽ മയില്പീലിയും ചൂടി , അരയിൽ കിങ്കിണി ചുറ്റി കാത്തിരിക്കും നെയ്യാറ്റിൻകര നീലവർണൻ. ചുറ്റുവിളക്കിന്റെ ദീപങ്ങൾ കാറ്റിൽ താളമിടുമ്പോൾ. വള്ളി മണവാളൻ കണ്ണൻറ്റെ നേർ മുൻപിൽ. മൂന്നാം ദിനം സൂര്യദേവന്റെ സ്വർണ കിരണങ്ങൾ ഭൂമിയെ തഴുകുമ്പോൾ നെയ്യാറ്റിൻകരയിൽ നിന്നും പുറപ്പാട്. നാള് വഴികൾ നൽകിയ രൂപമാറ്റത്തിന്റെ ബാലരാമപുരം , ഇടത്താവളം എന്നാലും വലിയ താമസമില്ലാതെ യാത്ര തുടരുന്നു. കാലം പണ്ട് നൽകിയ ഓർമ്മപ്പെടുത്തലുകൾ രാജകീയ ഭരണത്തിൽ കച്ചേരിയിൽ നൽകിയ കഞ്ഞി ഇന്നും തുടരുന്നു , നേമം കച്ചേരി നടയിൽ. പിന്നെ എല്ലാ വഴികളും കരമനയിലേക്കു .അന്തി വെയിൽ താഴാൻ തുടങ്ങുമ്പോൾ കടക്കണം കരമന നദി . കരമാനയാറ്റിൻ കരയില് കാത്തിരിക്കുന്നത് വർണശബളമായ എതിരേൽപ്പ് .. വേലുത്തമ്പി ദളവ നടക്കുവച്ച വെള്ളികുതിര . കുമാരകോവിൽ വേലായുധ പെരുമാളിന്റെ ഇഷ്ട വാജി വാഹനം .ദേവന് ശേഷം പുറപ്പെട്ടു ദേവന്റെ വരവിനെ നാടറിയിച്ചു മുൻപേ എത്തിയ വെള്ളി വാഹനം . അലങ്കാര ചമയങ്ങൾ യത്ര ചേർത്താലും മതിവരാതെ തലയെടുപ്പോടെ കാത്തിരിക്കുന്നു , മഹാ പ്രഭുവിനെ ചുമലിലേറ്റാൻ. അഭിഷേക അലങ്കാരങ്ങൾ ഏറ്റുവാങ്ങി സരസ്വതീദേവി ആനപ്പുറം ഏറും .പഞ്ചവാദ്യ താള വിസ്മയത്തിൽ മഹാ ദേവി ആദ്യം എഴുന്നള്ളും . ദേവ സേനാപതി വെള്ളികുതിരമേൽ സ്വർണ കിരീടം അണിഞ്ഞു വേൽ ഏന്തി രാജകീയ പരിവേഷത്തിൽ എഴുന്നള്ളുന്ന സമയം . പടിഞ്ഞാറ്റിൻ ചക്രവാളത്തിന്റെ മറവിലേക്കു സൂര്യൻ വഴുതിവീഴുമ്പോൾ , ഇവിടെ ഭക്ത മനസുകളിൽ ഒരു തങ്ക സൂര്യോദയം . രാജ പ്രതാപത്തിന്റെ എല്ലാ ഔപചാരിക സ്വീകരണങ്ങൾ ഏറ്റുവാങ്ങി നീങ്ങുമ്പോഴും എഴുന്നളത്തിന്റെ ഒഴുക്ക് ഭക്തിയുടെ തിരുക്കം ചാർത്തുകൾ തേടി പോകുന്നു.


രാമച്ചഹാരങ്ങൾ, ദേവനെ തഴുകാൻ മത്സരിക്കുമ്പോൾ ജമന്തിപ്പൂക്കളും, താമര മാല്യങ്ങളും നാണിച്ചു മുഖം മറയ്ക്കും. ഭക്തിയുടെ കടലായി തീർന്ന പുരുഷാരത്തിന്റെ നടുവിലൂടെ വാരി വിതറുന്ന നറു പുഷ്പങ്ങൾക്കു മേലേ ദേവ സേനാധിപതിയുടെ എഴുന്നള്ളത്ത്. മഹാ പ്രയാണം കിള്ളിയാറ്റിൻ തീരം കടക്കുമ്പോൾ തെളിയും സന്ധയുടെ മാറിലേക്ക് കർപ്പൂര പ്രഭ.ദേവചൈതന്യം തന്നിലേക്ക് പെയ്തിറങ്ങാൻ കാത്തിരിക്കുന്ന ഭക്ത കോടികൾ. കുമാര സ്വാമിയുടെ വരവ് മനസ്സിന്റെ തീരാ ദുഖങ്ങളെ സൂരപദ്മനാക്കി വേൽ കൊണ്ട് കീറി,ആനന്ദ ദായകം ആക്കുന്ന എഴുന്നള്ളത്. ആര്യശാലയും കടന്നു ശ്രീ പദ്മനാഭന്റെ മുന്നിലേക്ക്. യോഗ നിദ്രയിൽ ശയിക്കുന്ന പെരുമാളിന്റെ മുന്നിൽ എത്തുമ്പോൾ , മനസ്സ് അറിയാതെ മന്ത്രിക്കുന്നു “മായോന് മരുക” എന്ന്. കാലം ബാക്കിവച്ച കർപ്പൂര നിമിഷങ്ങൾ. മരുമകൻ അമ്മാവന്റെ സവിധത്തിലേക്കു. വെള്ളികുതിരപ്പുറം ഏറി കൊട്ടാരത്തിന്റെ കുതിരമാളിക മുഖപ്പിൽ എത്തി നിൽകുമ്പോൾ , തീവെട്ടി ശോഭയും പദ്മ തീര്ഥത്തിന്റ ഓളങ്ങളും തമ്മിൽ മൊഴിയും കാലത്തിന്റെ ഒരു വരവിനു കൂടി സാക്ഷി ആയി എന്ന്. മഹാ രാജാവിന്റെ വലിയ കാണിയ്ക്ക. സ്വർണ നെല്ലിയ്ക്കയായ് വെള്ളി തളികയിൽ വീഴുമ്പോൾ ,ശ്രീ പദ്മനാഭ ദാസന്മാർ ദേവി ദേവന്മാരെ ഹൃദയത്തോട് ചേർക്കുന്നു , തമ്പുരാൻ നെറ്റിയിൽ വരയ്ക്കുന്ന ഭസ്മ കുറിയും തിരുക്കം ചാർത്തിയ കർപ്പൂര പ്രഭയും അനുഗ്ര വർഷമായി പെയ്തിറങ്ങുന്ന അനശ്വര നിമിഷങ്ങൾ. കർപ്പൂര ആരതി ഉഴിഞ്ഞു കുമാരസ്വാമി മഹാപ്രസാദം ചൊരിഞ്ഞ് നിൽക്കുമ്പോൾ സരസ്വതീ ദേവി കൊട്ടാരത്തിന്റെ അകത്തളത്തിലേക്കു . ശ്രീ പദ്മനാഭന്റെ രാജ വീഥികളെ വലം വച്ച് സുബ്രഹ്മണ്യപെരുമാൾ പദ്മതീർത്ഥം ചുറ്റി എത്തുമ്പോൾ. മനസ് മന്ത്രിക്കും ഇത് ഒരു “കുമാര സംഭവം” . അശ്വാരൂഢനായ കുമാര സ്വാമി പിന്നെ ആര്യ ശാലയിലേക്ക്. അമ്മ കാത്തിരിക്കുന്നു .. കുമാരന്റെ വരവിനായി .. ജേഷ്ടനെ വണങ്ങി വരുന്ന ഓമനയെ കാണാൻ . നവരാത്രി ദിനങ്ങൾ ആര്യശാല അമ്മക്ക് ആഘോഷം പുത്രനോടൊപ്പം ... ഒൻപതു ഭാവത്തിൽ ഒൻപതു ദിനങ്ങൾ .. ആഘോഷം ദേവ സേനാപതിക്ക്. എന്റെ കുമാരസ്വാമിക്ക് . വേലായുധപെരുമാളിനെ ചുമക്കുന്ന ജീവിത സൗഭാഗ്യം ഈ എളിയ മുരുക ഭക്തന് തന്ന എന്റെ ഗുരുകാരണവന്മാർക്കു സമർപ്പണം . Kesav Thampi © Sreepadmanabhaswamy Kshethram Oru Nagarathinte Kadha #navaratri2020 #padmanabhapuram #kanyakumari #Thiruvananthapuram

153 views0 comments
bottom of page