തിരുവട്ടാർ നിവാസികളുടെ പങ്കാളിത്തവും ശുഭപ്രതീക്ഷയും...
തിരുവട്ടാർ നിവാസികളുടെ പങ്കാളിത്തവും ശുഭപ്രതീക്ഷയും... പഴക്കമെത്രയെന്ന് നിർണിയിക്കാനാകാത്ത മഹാ ക്ഷേത്രമാണ് തിരുവാട്ടർ ആദികേശവ പെരുമാൾ ക്ഷേത്രം. രാജ ഭരണകാലത്തിന്റെ അവസാനത്തോടെ ക്ഷേത്ര ഭരണം കന്യാകുമാരി ദേവസ്വത്തിന്റെ നിയന്ത്രണത്തിലായി. അനന്തപുരിയിലെ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൂലക്ഷേത്രമെന്ന് പറയാവുന്ന ആദികേശവ ക്ഷേത്രത്തിന്റെ പ്രൗഢിയുടെ വീഴ്ച്ച അവിടെ തുടങ്ങി. പൂജകൾ ലോപിച്ചു, നിവേദ്യങ്ങൾ വെട്ടിക്കുറച്ചു, ഉത്സവ ചടങ്ങുകളും നാമമാത്രമായി. കവർച്ചെക്കെത്തിയ മുകിലൻ സേനപോലും തോറ്റു പിന്മാറിയ ആദികേശവന്റെ മൂലവിഗ്രഹത്തിലെ ഉടയാടകളും,ആഭരണങ്ങളും കവർന്നെടുത്തു.

തെറ്റുകൾക്കെല്ലാം പ്രായശ്ചിത്തമായി 400വർഷങ്ങൾക്ക് ശേഷം, മഹാ ക്ഷേത്രത്തിൽ പുനരുദ്ദാരണം നടത്തി കുംഭാഭിഷേകം നടത്താൻ സാക്ഷാൽ ജയലളിത ആഗ്രഹിച്ചിട്ടുപോലും സാധിച്ചില്ല. 16വർഷമായി നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നു. നവീകരിച്ച പല ഭാഗങ്ങളും ഇനിയും നവീകരിക്കേണ്ട അവസ്ഥ. ക്ഷേത്രവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകൾ ഉണ്ടെങ്കിലും പ്രധാന വിഷയങ്ങൾ ഒന്നും നടക്കുന്നില്ല. ഈ സാഹചര്യത്തിൽ വിവിധ മേഖലകളിൽപെട്ട നൂറിലധികം പേർ പങ്കെടുത്ത യോഗം കഴിഞ്ഞ ദിവസം തിരുവട്ടാർ കുലശേഖര പെരുമാൾ ക്ഷേത്രത്തിൽ നടന്നു. യോഗത്തിൽ യുവാക്കൾ ഉൾപ്പെടെ തിരുവട്ടാർ നിവാസികൾ അധികം പങ്കെടുത്തതാണ് പ്രത്യേകതയായി എനിക്ക് തോന്നിയത്. ആത്മീയ കാര്യങ്ങളിൽ താല്പര്യത്തോടെ പങ്കെടുക്കുന്ന വ്യക്തികളെയും, ക്ഷേത്ര തന്ത്രി, ദേവസ്വം പ്രതിനിധികൾ ഉൾപ്പടെയുള്ളവരെ യോഗത്തിൽ പങ്കെടുപ്പിക്കാനായതും , കവടിയാർ കൊട്ടാരത്തിലെ അശ്വതി തിരുനാൾ തമ്പുരാട്ടിയെക്കൊണ്ട് സഹകരണം അറിയിപ്പിച്ചതും സംഘാടകരുടെ വിജയമായി കാണാം. എല്ലാംകൊണ്ട് ശുഭപ്രതീക്ഷ നൽകുന്ന ഒരു നീക്കമാണ് തിരുവട്ടാറിൽ കഴിഞ്ഞ ദിവസം നടന്നത്. കുലശേഖര പെരുമാൾ ക്ഷേത്രത്തിൽ പ്രതിഷ്ഠ ശരിയാക്കി, കുംഭാഭിഷേകം നടത്തിയാലെ, ആദികേശവ ക്ഷേത്രത്തിലെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട്പോകൂ. എല്ലാം ശുഭമായി നടക്കട്ടെ എന്ന് ആശംസിക്കാം. ആദികേശവ പെരുമാളിന്റെ അനുഗ്രഹം ഉണ്ടാകട്ടെ...
Courtesy: Jaya Mohan Thirpparappu