വേണാടിന്റെ ആദ്യകാല നാൾ വഴികൾ(പതിനാറാം നൂറാണ്ട് വരെ)
വേണാടിന്റെ ആദ്യകാല നാൾ വഴികൾ(പതിനാറാം നൂറാണ്ട് വരെ) ------------------------ വേണാടിന്റെ എഴുതപ്പെട്ട ചരിത്രം സംഘ കാലം മുതൽ തുടങ്ങുന്നു.സംഘകാലത്ത് കന്യാകുമാരി മുതൽ പത്തനംതിട്ടയിൽ പമ്പാനദീതീരങ്ങൾ(തിരുവല്ല) വരെയുള്ള പ്രദേശങ്ങൾ ആയ് രാജാക്കൻമാരുടെതായിരുനു.പതിയെ ഇന്നത്തെ കൊല്ലം ജില്ലയുടെ പ്രദേശങ്ങൾ വരെയുള്ള ഭാഗം മധ്യകേരളപ്രദേശങ്ങൾ ഭരിച്ചിരുന്ന ചേരൻമാരുടെ കൈവശമായി .

വേണാട് എന്ന രാജ്യനാമം വേൾ ആയ് എന്ന പദത്തിൽ നിന്നാകാം രൂപംകൊണ്ടത് എന്ന് അനുമാനിക്കുന്നു.ആയ് രാജാക്കൻമാരോ അതിന്റെ ശാഖയോ ആയ നാട്ടുരാജാക്കൻമാർ ഭരിച്ചിരുന്നകൊണ്ടാകണം ഈ പേര് ലഭിച്ചത്. സംഘകാലാനന്തരം ചേരരാജക്കൻമാരുടെ പിൻമുറക്കാരായ കൊടുങ്ങല്ലൂർ മഹോദയപുരം കുലശേഖര രാജാക്കൻമാരുടെ /പെരുമാക്കൻമാരുടെ അല്ലെങ്കിൽ പിൽക്കാല ചേരരാജാക്കൻമാരുടെ അധികാരത്തിൻ കീഴിലുള്ള ഒരു സാമന്തരാജവംശമാണ് വേണാട് ഭരിച്ചിരുന്നത്.ഈ രാജവംശം ആയ് രാജാക്കൻമാരുടെ ശാഖ തന്നെയാകണം.സാമന്തൻ എന്നത് കൊണ്ട് ഉദ്യേശിച്ചത് ഒരു ചക്രവർത്തിയുടെ കീഴിലുള്ള രാജ്യത്തിന്റെ ചെറിയ ഭൂഭാഗം ഭരിക്കുന്ന രാജാവ് എന്നാണ് .സാമന്തൻ തന്റെ മേലധികാരിയായ രാജാവിന്/ചക്രവർത്തിക്ക് വർഷംതോറും ഒരു വിഹിതം കപ്പം അഥവാ നികുതി കൊടുക്കേണ്ടതുണ്ട് ചരിത്രരേഖയിൽ ആദ്യമായി കാണുന്ന ഒരു വേണാട് രാജാവിന്റെ പേര് അയ്യനടികൾ തിരുവടികളുടെതാണ്.പ്രസിദ്ധമായ തരിസാപ്പള്ളി ശാസനത്തിലാണ്(AD 849) .ക്രിസ്ത്യൻ വ്യാപാരിയായിരുന്ന മാർ സാപ്രാ ഈശോയ്ക്ക് അന്നത്തെ ചേരചക്രവർത്തിയായ സ്ഥാണുരവിവർമ്മൻ പ്രത്യേക അവകാശങ്ങൾ വിളംബരം ചെയ്യുന്ന ശാസനമാണ് ഇത്.ഇ വിളംബരത്തിന് സാക്ഷ്യം വഹിച്ചിരുന്നതായി ശാസനത്തിൽ പറയുന്ന പേര് സ്ഥാണുരവിയുടെ സാമന്തനായ അയ്യനടികൾ തിരുവടികളുടെതാണ്. ഈ സാമന്തരാജ്യത്തിന്റെ തലസ്ഥാനം തുറമുഖനഗരമായ കൊല്ലംനഗരമായിരുന്നു..അതിനാൽ റോമ,ചൈന തുടങ്ങിയ രാജ്യങ്ങളുമായി പ്രാചീന കാലത്തെ വേണാടിന് വ്യാപാര ബന്ധം ഉണ്ടായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ (AD1100-1200)തുടക്കത്തിൽ ഉണ്ടായ ചേര ചോള യുദ്ധമാണ് പിന്നീടുള്ള വേണാടിന്റെ ചരിത്രത്തിൽ നിർണ്ണായക വഴിത്തിരിവ് ഉണ്ടാക്കിയത്. അക്കാലത്ത് കേരളം ഭരിച്ചിരുന്നത് ചേര ചക്രവർത്തിയായ പ്രഗത്ഭനായ രാമവർമ്മ കുലശ്ശേഖരനായിരുന്നു( AD 1070-1120).

ആയ് വംശജരായ വേണാട്ടിലെ അവസാന രാജാവ് പന്ത്രണ്ടാം നൂറ്റാണ്ടിലെ പ്രസിദ്ധമായ ചേര ചോള യുദ്ധത്തിൽ തന്റെ ചക്രവർത്തി ക്ക് വേണ്ടിയുള്ള യുദ്ധത്തിൽ മരണമടയുകയും അങനെ ആ വംശം അസ്തമിക്കുകയും, ചോളൻമാരുടെ ആക്രമണത്തിൽ ചേരരാജാക്കൻമാരുടെ രാജധാനിയായിരുന്ന കൊടുങ്ങല്ലൂർ അവർക്ക് നഷ്ടമാവുകയും സൈനിക നീക്കം നടത്താൻ പറ്റിയ കൊടുങ്ങല്ലൂർ പോലെ അന്നുണ്ടായിരുന്ന മറ്റൊരു തുറമുഖ നഗരം ആയതിനാലാണ് സാമന്തന്റെ മരണത്തോടെ അനാഥമായ വേണാട്ടിലെ കൊല്ലത്തേക്ക് അന്നത്തെ ചേര ചക്രവർത്തിയായ രാമവർമ്മ കുലശ്ശേഖരൻ നീങ്ങുന്നത് .കൊല്ലത്തെയും തെക്കുള്ള പ്രദേശങ്ങളെയും ചോളൻമാരെ തുരത്തി രാമവർമ്മ കുലശ്ശേഖര ചക്രവർത്തി വീണ്ടെടുക്കുകയായിരുന്നു.വേണാടിന്റെ ചരിത്രത്തിൽ എഴുതപ്പെട്ട ശക്തനായ ആദ്യ രാജാവിന്റെ പേര് അദ്ദേഹത്തിന്റെ തായിരുന്നു പിന്നീട് ചില കാരണങ്ങളാൽ ചോളൻമാർ കേരളത്തിൽ നിന്നും ഒഴിഞ്ഞു പോയെങ്കിലും പിൽക്കാലത്ത് കൊടുങ്ങല്ലൂരിനുണ്ടായ നാശ നഷ്ടം കാരണമാവാം ചേര ചക്രവർത്തി അവിടെ തന്നെ തുടർന്നു.അങ്ങനെയാണ് വേണാട്ടിൽ ചേര രാജ വംശ പാരമ്പര്യം ഉണ്ടാകുന്നത്.അതോട് കൂടിയത്രെ വേണാട് ഒരു യശ്ശസാർന്ന സ്വതന്ത്ര രാജ്യമാവുന്നത്.കേരള ചക്രവർത്തി മാരുടെ പരമ്പര ഭരിക്കുന്ന രാജ്യം എന്ന നിലയിൽ. യുദ്ധാനന്തരം ചേരചക്രവർത്തി മഹോദയപുരം കേന്ദ്രമാക്കിയുള്ള ചക്രവർത്തി ഭരണം അവസാനിപ്പിക്കുകയും വേണാട്ടിൽ മാത്രം ഭരണം ഒതുങ്ങുകയും ചെയ്തു. അതോട് കൂടി വേണാടിന് വടക്ക് മുതൽ കണ്ണൂർ കോലത്ത്നാട് വരെ ചേരരാജാക്കൻമാരുടെ കീഴിലുള്ള എല്ലാ സാമന്തരാജ്യങ്ങളും സ്വതന്ത്രരാജ്യങ്ങളായി മാറി.ഐതിഹ്യകഥകളിൽ ഈ സന്ദർഭത്തെ രാജ്യം ബന്ധുക്കൾക്ക് കൊടുത്ത് അധികാരം ത്യജിച്ച് മക്കയ്ക്ക് പോയ ചേരമാൻ പെരുമാളിന്റെ കഥയായി പറയുന്നു രാമവർമ്മ കുലശ്ശേഖരനുശേഷം അദ്ദേഹത്തിന്റെ പുത്രനായ വീരകേരള വർമ്മയും അദ്ദേഹത്തിന്റെ പുത്രൻമാരുമായി ഏകദേശം നാല് രാജാക്കൻമാർ ഈ ചേരപരമ്പരയിൽ വേണാട് ഭരിച്ചിരുന്നതായി പറയുന്നു. കൊടുങ്ങല്ലൂർ മഹോദയപുരത്തെ കുലശ്ശേഖര ചേരചക്രവർത്തിമാരുടെ കറകളഞ്ഞ മക്കത്തായ പിൻമുറക്കാരായിരുന്നു ഈ പരമ്പരയിലെ വേണാട് രാജാക്കൻമാർ ഇങ്ങനെ ചേര രാജവംശമായി തീർന്ന വേണാട്ടിൽ ആദ്യത്തെ മൂന്നോ നാലോ രാജാക്കൻമാർക്ക് ശേഷം ഏകദേശം പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനമോ പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ പിന്നീട് വീണ്ടും ഒരു ദത്തുണ്ടാവുകയാണ്.അക്കാലത്ത് വേണാട് പരമ്പര മക്കത്തായ സമ്പ്രദായം ആയിരുന്നു. ഇപ്രകാരം തന്നെയായിരുന്നു ദത്തും.പക്ഷെ ദത്തെടുത്തത് അമ്മ വഴിയിൽ ചേര പാരമ്പര്യമുള്ള ഒരു തിരുവനന്തപുരം കഴക്കൂട്ടത്തിന് തെക്ക് തൃപ്പാദപുരത്ത് താമസിച്ചിരുന്ന ആയ് രാജ വംശ ശാഖയാണ്.ഇവരെയാണ് തൃപ്പാപ്പൂർ സ്വരൂപം എന്ന് പറയുന്നതത്രെ.തൃപ്പാദപുരം ലോപിച്ചാണ് തൃപ്പാപ്പൂർ ആയതെന്ന് പറയുന്നു.തൃപ്പാപ്പൂരിലെ ആയ് വംശ രാജാക്കൻമാർക്ക് കന്യാകുമാരിയിൽ തിരുവട്ടാറിലെങ്ങോ മുൻപുണ്ടായിരുന്ന ഒരു ചേരവംശ ശാഖയിലെ രാജകുമാരിമാരെ വിവാഹം കഴിച്ച് ഉണ്ടായതാണ് ഈ തൃപ്പാപ്പൂർ ശാഖയെന്ന് പറയുന്നു .ഈ തിരുവട്ടാർ ചേരരാജകുടുംബത്തെക്കുറിച്ച് അധികമൊന്നും എവിടെയും പരാമർശമില്ല.1180ലെ സ്യാനന്ദൂര പുര വർണ്ണനം എന്നകൃതിയിലാണ് തൃപ്പാപ്പൂർ സ്വരൂപത്തിന്റെ ഈ ചേരബന്ധത്തെകുറിച്ച് വിവരിക്കുന്നത്.തിരുവട്ടാർ രാജകുടുംബത്തെ വടശ്ശേരി ഇല്ലം എന്നായിരുന്നു പറഞ്ഞിരുന്നത്.തൃപ്പാപ്പൂർ രാജാക്കൻമാർ സ്ഥിരമായി ഇവിടെനിന്ന് വിവാഹം ചെയ്തിരുന്നു.ആയ് വംശജരായ തൃപ്പാപ്പൂർ സ്വരൂപത്തിന്റെ മൂല കുടുംബം നിലനിന്നിരുന്നത് കിളിമാനൂരിനടോത്ത് കീഴ്പേരൂർ ആയിരുന്നത് കൊണ്ട് തൃപ്പാപ്പൂർ സ്വരൂപത്തെ കീഴ് പേരൂർ സ്വരൂപം എന്നും പറഞ്ഞിരുന്നു.തിരുവനന്തപുരം മുതൽ ഇന്ന് കന്യാകുമാരി യിൽപെടുന്ന സ്ഥലങ്ങൾ വരെഇങ്ങനെ വേണാടിന് കൈവന്നതാകാം തൃപ്പാപ്പൂർ സ്വരൂപത്തോടൊപ്പം അക്കാലത്ത് ഉണ്ടായിരുന്ന മറ്റൊരു ആയ് വംശ ശാഖയായ പത്തനംതിട്ട തിരുവല്ലയിലെ കടപ്ര ദേശത്ത് കാവുഭാഗത്തുള്ള ആലംതുരുത്തി (പഴയകാലത്ത് ആതൻതുരുത്തി)ചിറവാ സ്വരൂപത്തെയും (ശ്രായിക്കൂർ)വേണാടിലെക്ക് ദത്തെടുത്തിരുന്നു..ഇവർക്ക് ചേരമ്മാരുമായി വിവാഹബന്ധം ഉള്ളതായി പറയപ്പെടുന്നില്ല.ഈ ശാഖ പതിനഞ്ചാം നൂറ്റാണ്ട് വരെ പ്രത്യേക രാജ്യാധികാരമില്ലാതെ തിരുവല്ലയിൽ തന്നെ തുടർന്നതായി കരുതാം.ഈ രണ്ട് ശാഖകളെയും അക്കാലത്ത് വേണാട്ടിലേക്ക് ദത്തെടുത്തതോട് കൂടി ആയ് രാജവംശം പൂർണമായും വേണാടിൽ ലയിക്കാനാണ് സാധ്യത. ആയ് വംശത്തിന്റ ചേര തായ് വഴി ശാഖയായ തൃപ്പാപ്പൂർ ശാഖയെ ദത്തെടുത്തതിലൂടെ വേണാട് തൃപ്പാപ്പൂർ സ്വരൂപം എന്ന് അറിയപ്പെടാൻ തുടങ്ങി.ഈ വംശ പരമ്പരയിലാണ് പ്രസിദ്ധൻമാരായ "ജയസിംഹനും" അദ്ദേഹത്തിന്റെ പുത്രൻ "രവിവർമ്മ സംഗ്രാമധീരനും "വേണാട് ഭരിച്ചത് സംഗ്രാമധീരന്റെ ഭരണ കാലത്തും അദ്ദേഹത്തിന്റെ ചില മുൻഗാമികളുടെ കാലത്തും മധുരയിലെ പാണ്ഡൃരാജ്യവുമായുള്ള യുദ്ധത്തിലൂടെ തിരുനെൽവേലി,തൂത്തുകുടി, കല്ലിടക്കുറിച്ചി വരെയുള്ള ഭാഗങ്ങൾ വേണാടിന്റെ അധികാര പരിധിയിൽ വരുകയും പിന്നീട് അവ അശക്തരായ പിൻഗാമികളുടെ കാലത്ത് വേണാടിന് നഷ്ടമാവുകയും ചെയ്തു എന്ന് പറയുന്നു. രവിവർമ്മ സംഗ്രാമധീരനു ശേഷം തൃപ്പാപ്പൂർ ശാഖയിൽ പതിനാലാം നൂറ്റാണ്ടിൽ (AD 1314) മരുമക്കത്തായം നിലവിൽ വന്നു. സംഗ്രാമധീരന്റെ സഹോദരീപുത്രൻമാരായ ഉദയമാർത്താണ്ഡവർമ്മയ്ക്കും രാമമാർത്താണ്ഡവർമ്മയ്ക്കും ശേഷം വേണാടിന് അനന്തരാവകാശി ഉണ്ടാകാൻ അവർക്ക് സഹോദരിമാരാരും ഇല്ലായിരുന്നു .ഈ ഘട്ടത്തിൽ പെൺകുട്ടികൾ ഇല്ലാതെ വന്നപ്പോഴാണ് കോലത്ത് നാട്ടിൽ നിന്നും ദത്തുണ്ടായത് കോലത്ത്നാട്ടിൽ നിന്ന് രണ്ട് രാജകുമാരിമാരെയാണ് ദത്തെടുത്തത്.അവർക്ക് ആറ്റിങ്ങൽ ഒരു കൊട്ടാരം പണി കഴിപ്പിച്ച് ഇരുവരെയും അവിടെ താമസിപ്പിച്ചു . മൂത്ത രാജകുമാരിയ്ക്ക് വൈകാതെ വിവാഹശേഷം ഉണ്ടായ പുത്രൻമാർ വേണാടിന്റെ(തൃപ്പാപ്പൂർ) രാജാക്കൻമാരായതീർന്നു. അവരുടെ പെൺസന്താനങൾ വഴി പിന്നീടുള്ള വേണാട് പരമ്പര നില നിന്നു.ആറ്റിങ്ങൽ വന്നു താമസിച്ച ഈ മൂത്ത റാണിയുടെ കാലം മുതലാണ് വേണാട്ടിലെ റാണിമാരെ ആറ്റിങ്ങൽ റാണിമാർ എന്ന് അറിയപ്പെടാൻ തുടങ്ങിയതും പിന്നീട് എപ്പോഴെങ്കിലും വേണാട് രാജകുടുംബത്തിൽ പരമ്പര നിലനിർത്താൻ സ്ത്രീ സന്താനങ്ങൾ ഇല്ലാതെ വന്നാൽ മുറ തെറ്റാതെ കോലത്തിരി രാജകുടുംബത്തിൽ നിന്ന് തന്നെ രാജകുമാരിമാരെ ദത്തെടുത്ത് ആറ്റിങ്ങൽ കൊട്ടാരത്തിൽ കൊണ്ട് വന്ന് താമസിപ്പിക്കാൻ തുടങ്ങിയതും .പിൽക്കാലത്ത് തിരുവിതാംകൂറിൽ ധർമ്മ രാജാവിന്റെ ഭരണനാളുകളിൽ ടിപ്പുവിനെ ഭയന്ന് തിരുവിതാംകൂറിൽ വരുകയും ടിപ്പുവിന്റെ കാലശേഷവും മലബാറിലേക്ക് പോകാതെ തിരുവിതാംകൂറിൽ തന്നെ സ്ഥിരതാമസമാവുകയും ചെയ്ത കോലത്തിരി രാജവംശത്തിന്റെ ശാഖകളിൽ നിന്നും തിരുവിതാംകൂറിൽ ദത്തെടുത്തിരുന്നു കോലത്തിരി രാജകുടുംബത്തിൽ നിന്നും ഉണ്ടായ ആദ്യമായുള്ള ദത്തിൽ രണ്ട് രാജ കുമാരിമാരെയാണ് ദത്തെടുത്തത് എന്ന് പറഞ്ഞല്ലോ. ഇവരിൽ ഇളയ രാജകുമാരി പിൽക്കാലത്ത് കിളിമാനൂരിനടുത്തുള്ള കുന്നുമ്മേൽ എന്ന സ്ഥലത്ത് ഒരു കോവിലകം പണി കഴിപ്പിച്ച് താമസം അങ്ങോട്ട് മാറി.ഇവരിൽ നിന്നും ഉണ്ടായ രാജവംശമാണ് ഇളയിടത്ത് സ്വരൂപം അഥവാ കൊട്ടാരക്കര രാജകുടുംബം.ഇളയ രാജകുമാരിയിൽ നിന്നും ഉദയം കൊണ്ട രാജവംശമായതിനാലാകണം ഇളയിടത്ത് സ്വരൂപം എന്ന് പേരു വന്നത്.രാജവംശത്തിന്റെ ആദ്യകാല താമസം കിളിമാനൂർ കുന്നുമ്മേൽ ആയത് കൊണ്ട് തുടക്കത്തിൽ കുന്നുമ്മേൽ സ്വരൂപം എന്നും അറിയപ്പെട്ടു.പിൽക്കാലത്ത് പതിനഞ്ചാം നൂറ്റാണ്ടോട് കൂടി ഇവർ കൊട്ടാരക്കരയിലേക്ക് താമസം മാറിയതോടെയാണ് കൊട്ടാരക്കരതമ്പുരാൻ മാർ എന്നറിയപ്പെട്ട് തുടങ്ങിയത്.വേണാടിൽ നിന്നും ഇന്നത്തെ കൊല്ലം ജില്ലയുടെ മുക്കാൽഭാഗത്തോളം വരുന്ന കിഴക്കൻ മലയോര പ്രദേശങ്ങളുടെയും തമിഴ് നാട്ടിലെ ചെങ്കോട്ട താലൂക്കിന്റെയും ഭരണാധികാരം വേണാടിൽ നിന്ന് ഇളയിടത്ത് സ്വരൂപതിന് ലഭിച്ചു.കൊട്ടാരക്കര, കുണ്ടറ,അടൂർ,കിഴക്കെ കല്ലട,കുന്നത്തൂർ പ്രദേരങ്ങൾ ചേർന്നതായിരുന്നു കൊട്ടാരക്കര രാജ്യം ഇളയിടത്ത് സ്വരൂപത്തിൽ നിന്നും വീണ്ടും ഉണ്ടായ ശാഖയാണ് പേരകത്താവഴി/പേരസ്വരൂപം.ഇന്നത്തെ തിരുവനന്തപുരത്തെ നെടുമങ്ങാട് താലൂക്കായിരുന്നു പേരകത്താവഴി. പിൽക്കാലത്ത് കോലത്തിരി വംശരാനായ ആറ്റിങ്ങൽ റാണിമാരുടെ പുത്രൻമാരായ തൃപ്പാപ്പൂർരാജാക്കൻമാർ വേണാട്ടിൽ ഭരണം നടത്തിപോന്നു. ഇങ്ങനെയിരിക്കെ പതിനഞ്ചാം നൂറ്റാണ്ടിൽ(AD 1400-1500) വേണാട് രണ്ട് രാജ്യങ്ങളായി വിഭജിച്ചു. കൊല്ലംനഗരവും ശാസ്താംകോട്ടയും പരവൂരും വരെയുള്ള തീരപ്രദേശങ്ങൾ മുൻപ് കാലത്ത് തൃപ്പാപ്പൂർ സ്വരൂപത്തോടൊപ്പം ദത്തെടുത്തിരുന്ന തിരുവല്ല ആതൻതുരുത്തിയിലെ ചിറവാ സ്വരൂപത്തിന് നൽകി.ഈ രാജ്യം ദേശിങ്ങനാട് /ദേശിങ്ങനാട് സ്വരൂപം എന്നറിയപ്പെടാൻ തുടങ്ങി.പിന്നീട് തെക്കോട്ട് ബാക്കിയായ വർക്കല മുതൽ കന്യാകുമാരി വരെയുള്ള ഭാഗങ്ങൾ വേണാട്(തൃപ്പാപ്പൂർ സ്വരൂപം) എന്നറിയപ്പെട്ടു വേണാട് തൃപ്പാപ്പൂർ സ്വരൂപത്തിൽ മൂത്ത രാജാവിനെ തൃപ്പാപ്പൂർ മൂപ്പനെന്നും ഇളയ രാജാവിനെ ചിറവാ മൂപ്പനെന്നും പേരിലാണറിയപ്പെട്ടിരുന്നത് തൃപ്പാപ്പൂർ മൂപ്പ് ആസ്ഥാനം ആദ്യകാലത്ത് കൊല്ലം തന്നെയായിരുന്നു. പിന്നീട് കൊല്ലം നഗരം ദേശിങ്ങനാട് ശാഖയ്ക്ക് നൽകിയപ്പോൾ ആസ്ഥാനം മാറ്റി.

തൃപ്പാപ്പൂർ മൂപ്പൻമാർ തിരുവനന്തപുരത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനടുത്ത് ശ്രീപാദം കൊട്ടാരത്തിൽ ഇരുന്ന് ക്ഷേത്ര ഭരണവും തിരുവനന്തപുരം നഗര പരിസരങ്ങളുടെയും ചിറയിൻകീഴ് താലൂക്കിന്റെയും ഭരണം ഏറ്റെടുത്തു.ഇളമുറ രാജാക്കൻമാരായ ചിറവാമൂപ്പൻമാരുടെ ആസ്ഥാനം ആദ്യകാലത്ത് തൃപ്പാപ്പൂർ കുടുംബത്തിന്റെ മൂലസ്ഥാനങ്ങളായ തൃപ്പാപ്പൂരും,തിരുവട്ടാറുമായിരുന്നു.പിന്നീട് പതിനാലാം നൂറ്റാണ്ടിൽ (AD1300-1400) തെക്കോട്ട് നീങ്ങി തിരുവിതാംകോട്ടും ഇരണിയലിലും ആയി .1544 ൽ വിജയനഗരസാമ്രാജ്യം വേണാടിന്റെ തെക്ക് ആക്രമിച്ചതിനെ തുടർന്ന് കാർഷിക മേഘലയായ നാഞ്ചിനാട് ആക്രമണ ഭീഷണി നേരിട്ടപ്പോൾ ആ പ്രദേശം നഷ്ടപ്പെടാതെ നോക്കിനടത്താൻ ചിറവാ മൂപ്പ് തിരുവിതാംകോട്ട് നിന്ന് കൽക്കുളത്തേക്ക്(പത്മനാഭപുരം കൊട്ടാരം) മാറ്റി.
Courtesy: Amaljyoth Asok
Courtesy: Sree Padmanabha Swami Kshethram_Oru Nagarathinte Kadha Group